കോഴഞ്ചേരി : പ്രവാസിയുടെ കൊലപാതകത്തിൽ അന്വേഷണം എങ്ങുമെത്താതെ നാളെ (1) അഞ്ചു വർഷം പൂർത്തിയാകുന്നു. കൊലപാതകം നടന്നിട്ടു വർഷം 5 കഴിഞ്ഞിട്ടും പ്രതികൾ ഒളിവിലാണെന്ന മുട്ടാത്തർക്കം പറഞ്ഞ് പൊലീസ് ഇപ്പോഴും ഒളിച്ചു കളിക്കുകയാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്.
പ്രവാസിയായിരുന്ന ഇടപ്പരിയാരം വിജയവിലാസം കുഴിയിൽ സജീവ് (55)ഭാര്യ വീടിന് സമീപത്ത് വെച്ച് ക്രൂരമായ മർദ്ദനമേറ്റതിനെ തുടർന്ന് മരിച്ചത് 2019 ആഗസ്റ്റ് 1 ന് ആണ്. പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നിട്ടും മരണം മർദ്ദനത്തെ തുടർന്നുള്ള പരിക്കുകളാലാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിട്ടും അന്വേഷണം കാര്യമായി മുന്നോട്ട് പോയില്ല.
മർദ്ദനത്തെ തുടർന്ന് നട്ടെല്ലിൻ്റെ കശേരുക്കൾ തകരുകയും സ്പൈ നൽകോടിന് ക്ഷതം സംഭവിക്കുകയും ചെയ്തതായി പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിരുന്നു. സജീവിനെ മർദിച്ച ഭാര്യ വീടിന് സമീപമുള്ള പ്രേംലാൽ, അരുൺലാൽ എന്നിവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
സജീവിൻ്റെ മകൾക്ക് ഒരു ബസ് കണ്ടക്ടറുമായുള്ള പ്രണയത്തെ ചോദ്യം ചെയ്തതിനെ തുടർന്നാണ് സജീവിന് മർദനമേൽക്കുന്ന സാഹചര്യമുണ്ടായത്.
സ്റ്റേഷനിൽ ചെല്ലുമ്പോൾ അന്വേഷണം തുടരുകയാണെന്ന സ്ഥിരം മറുപടിയാണ് ഇപ്പോഴും പോലീസിൽ നിന്നും ലഭിക്കുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഊർജിതമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.