തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി ഉത്രാട നാളിൽ നടന്നു വരുന്ന നെയ്യും കറുകയും സമർപ്പണം ഈ വർഷവും ആചാരപരമായി നടന്നു. നാറ്റാണ്ടുകളായി മുട്ടാർ ചെറുശ്ശേരി കുടുംബത്തിൽ നിന്നും ക്ഷേത്രത്തിൽ കറുകയും നെയ്യും സമർപ്പിക്കുന്ന ചടങ്ങാണ് മുടക്കം കൂടാതെ ഈ വർഷവും നടന്നത്. കുടുംബത്തിലെ ഇപ്പോഴത്തെ മുതിർന്ന അംഗങ്ങളായ കൃഷ്ണ കുറുപ്പിൻ്റെയും വിജയമ്മയുടെയും നേതൃത്വത്തിൽ കുടുംബാംഗങ്ങൾ ഒത്തുച്ചേർന്ന് ആണ് ആചാരം തെറ്റാതെ ക്ഷേത്രത്തിൽ കറുകയും നെയ്യും സമർപ്പിച്ചത്.
ക്ഷേത്രത്തിൽ എത്തിച്ചേർന്ന കുടുംബാംഗങ്ങളെ ദേവസ്വം ഉദ്യോഗസ്ഥരുടെയും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം.എം. മോഹനൻ നായരുടെയും വൈസ് പ്രസിഡൻ്റ് ഷാബുവിൻ്റെയും സെക്രട്ടറി ബി.ജെ. സനിൽ കുമാറിൻ്റെയും നേതൃത്വത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആചാരപരമായി സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിച്ച് ഭഗവാന് നെയ്യും, കറുകയും സമർപ്പിച്ചു.
ക്ഷേത്രത്തിലെ ആട്ടവിശേഷങ്ങളിൽ വളരെ പ്രാധാന്യം അർഹിക്കുന്ന തിരുവോണ നാളായ ഇന്ന് ഭഗവാന് തിരുവാഭരണം ചാർത്തി വിശേഷാൽ പൂജകൾ നടക്കും. ഉച്ചയ്ക്ക് നടക്കുന്ന തിരുവോണ സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. പി ഡി സന്തോഷ് കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. രാത്രി ശ്രീവല്ലഭ സ്വാമിയും മഹാസുദർശനമൂർത്തിയും ആനപ്പുറത്ത് എഴുന്നെള്ളി കാഴ്ച ശ്രീബലി നടക്കും.






