കാട്ടൂർ പോസ്റ്റാഫീസ് പരിധിയിലെ ഓരോ കുടുംബങ്ങളുടെയും, സന്തോഷത്തിലും സങ്കടങ്ങളിലുമെല്ലാം പങ്കാളിയാണ് പോസ്റ്റ്മാൻ രവീന്ദ്ര ഭക്തൻ. 1981 ൽ കോഴഞ്ചേരി പോസ്റ്റാഫീസിൽ ജോലിയിൽപ്രവേശിച്ച രവീന്ദ്രഭക്തൻ 6 വർഷത്തിന് ശേഷം മെയിൽ കരിയറായാണ് കാട്ടൂർ പോസ്റ്റാഫീസിലെത്തുന്നത്. അന്ന് മുതൽ കാട്ടൂർ പ്രദേശത്തിൻ്റെ ഭാഗമായി മാറിയ രവീന്ദ്ര ഭക്തൻ തപാൽ വിതരണത്തിന് പുറമെ പ്രദേശത്തെ ജനകീയ പ്രശ്‌നങ്ങളിലെല്ലാം സജീവമായ ഇടപെടലുകൾ നടത്തിക്കൊണ്ട്, പ്രദേശത്തെ എല്ലാ കുടുംബങ്ങളിലെയും അംഗത്തെപ്പോലെയായി മാറി.
കാലവും സാങ്കേതിക വിദ്യകളും മാറിയാലും തപാൽ വകുപ്പിൻ്റെ നൻമ്മകളെ കൈവിട്ട് കളയരുതെന്ന അപേക്ഷയാണ് രവീന്ദ്രഭക്തന് പൊതുസമൂഹത്തോട് പറയാനുള്ളത്.
ജോലിയിൽ പ്രവേശിക്കുന്ന കാലത്ത് തപാൽവകുപ്പിൽ നിന്നും ദിവസേന 8 ബാഗുകൾ നിറയെ തപാൽ ഉരുപ്പടികളാണ് എത്തിയിരുന്നത്. ഇന്ന് അത് പരമാവധി മൂന്നായി ചുരുങ്ങി. തൻ്റെ പ്രവർത്തന പരിധിയിലുള്ള 16 കിലോമീറ്റർ ചുറ്റളവിൽ എല്ലാ ഭാഗത്തും രവീന്ദ്ര ഭക്തൻ സൈക്കിളിൽ നിത്യേന എത്തിച്ചേരും.
താൻ മുപ്പത്തിയഞ്ച് വർഷക്കാലം ജോലിചെയ്ത ചെറുകോൽ കാട്ടുർ പോസ്റ്റാഫീസിന് സ്വന്തമായി ഒരു ആസ്ഥാനം ലഭിക്കാത്തതിലുള്ള നിരാശയോടെയാണ് രവീന്ദ്രഭക്തൻ എന്ന ഈ ജനകീയ തപാൽ ജീവനക്കാരൻ പടിയിറങ്ങുന്നത്. തപാൽ വകുപ്പിലെ ജോലിക്കുമപ്പുറം പ്രദേശത്തെ മുഴുവൻ ആളുകളുടെയും പ്രശ്നങ്ങളിൽ ഇടപെടുന്ന, രവീന്ദ്രഭക്തനെപ്പോലെ ഒരാൾ തപാൽ വകുപ്പിൽ തന്നെ അപൂർവ്വമാണെന്ന് പോസ്റ്റ്മാസ്റ്റർ ശോഭ പറഞ്ഞു.