കോട്ടയം : സമുദായ അന്തകരും അഴിമതിക്കാരുമായ എൻഎസ്എസ് നേതൃത്വം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ആലുവ എൻഎസ്എസ് മോചനയാത്രാ കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ പെരുന്നയിലേയ്ക്ക് പദയാത്രയും മന്നം സമാധിയിൽ പുഷ്‌പാർച്ചനയും നടത്തുന്നു. ശനിയാഴ്‌ച (18) രാവിലെ 10.30ന് ചങ്ങനാശ്ശേരി ബസ്സ്റ്റാന്റ് പരിസരത്തു നിന്നാണ് പദയാത്ര ആരംഭിക്കുന്നത്.
ശബരിമല ആചാരലംഘന വിഷയത്തിൽ എൻഎസ്എസ് നേതൃത്വത്തിന്റെ ആഹ്വാനമനുസരിച്ച് സമാധാനപരമായി നാമജപ പ്രതിഷേധ സമരം നടത്തിയതിന്റെ പേരിൽ അയ്യപ്പ ഭക്തർ ഇന്നും സർക്കാരിൻ്റെ പീഡനങ്ങൾക്ക് വിധേയമായിരിക്കുകയാണ്.
കേസും കോടതിയുമായി നടക്കുന്ന ഇക്കൂട്ടരെ പെരുവഴിയിലാക്കി അമ്പലക്കൊളളയും ആചാര ലംഘനങ്ങളും പതിവാക്കിയ മുരാരിമാർക്ക് പിന്തുണ നൽകാൻ തീരുമാനിച്ച എൻഎസ്എസ് നേതൃത്വത്തെ നായർ സമുദായ സ്നേഹികൾ വെറുക്കുന്നുവെന്ന യാഥാർത്ഥ്യം നേതാക്കൾ മനസിലാക്കി സ്വയം രാജി വച്ച് ഒഴിഞ്ഞു പോകണം.
ശബരിമല സ്വർണ്ണകൊള്ളകേസിൽ അരോപണ വിധേയനായി സസ്പെൻഷനിലായ മൂരാരി ബാബുവിന് എൻഎസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. ഈ സ്വാധീനം ഉപയോഗിച്ചാണ് മൂരാരി ദേവസ്വം ബോർഡിന്റെ താക്കോൽ സ്ഥാനങ്ങളിൽ കയറി പറ്റിയതെന്നും കർമ്മസസമിതി ആരോപിച്ചു.
എൻഎസ്എസ് മോചനയാത്രാ കർമ്മ സമിതി നേതാക്കളായ മുക്കാപ്പുഴ നന്ദകുമാർ (പള്ളിലാംകരയോഗം), എൻ.സി സുരേഷ് ബാബു (അശോകപുരം കരയോഗം), സുധീർ പണിയ്ക്കർ (ആലുവ ഈസ്റ്റ് കരയോഗം) എൻഎസ്എസ് മുൻ പ്രതിനിധിസഭാംഗവും ദേവസ്വം ബോർഡ് പ്രഥമ പിആർഓയുമായിരുന്ന അയർക്കുന്നം രാമൻ നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.






