ആലപ്പുഴ: ഹരിത ഓണം, വൃത്തിയുള്ള കേരളം’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാര്‍ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഒത്തു ചേർന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുമ്പോള്‍ ഹരിത ചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടർ അലക്സ് വര്‍ഗീസ് അറിയിച്ചു.
പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാ സർക്കാർ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാൻ മതിയായ ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണം. വഴിയോര വാണിഭം, വ്യാപാര സ്ഥലങ്ങളിൽ ഉണ്ടാകുന്ന മാലിന്യം സംഭരിക്കാനും നീക്കം ചെയ്യാനും കൃത്യമായ ക്രമീകരണം എന്നിവ ഉണ്ടാക്കണം.
വിനോദ, ആഘോഷ പരിപാടികൾക്കായി ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ അധികമായി ബിന്നുകൾ സ്ഥാപിക്കണം സർക്കാർ ഓഫീസുകളിൽ ഓണാഘോഷ പരിപാടിയുടെ ഭാഗമായ അലങ്കാരങ്ങൾക്കും പൂക്കളമിടൽ, ഓണസദ്യ എന്നിവയ്ക്ക് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ (നിരോധിത പേപ്പർ പ്ലാസ്റ്റിക് കപ്പ്, കുപ്പി, പാത്രം, ഇല, സ്പൂൺ തുടങ്ങിയവ) ഉപയോഗിക്കരുത്.
മാലിന്യത്തിൻ്റെ അളവ് കുറക്കൽ, വലിച്ചെറിയാതിരിക്കാൻ നിരോധിത വസ്തുക്കളുടെ വില്പനയും ഉപയോഗവും തടയൽ തുടങ്ങി മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശക്തമായ നടപടികൾ വിവിധ സർക്കാർ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും സ്വീകരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.