ശബരിമല : പൈങ്കുനി ഉത്ര ഉത്സവത്തിൻ്റെ 5 -ാം ദിനമായ ഇന്ന് ശബരിമല സന്നിധാനത്ത് വിളക്കെഴുന്നള്ളിപ്പിന് തുടക്കമാകും. ഈ മാസം 10 ന് സമാപിക്കും.
ഇന്ന് രാത്രിയിൽ ശ്രീഭൂതബലിയ്ക്ക് ശേഷമാണ് വിളക്കെഴുന്നള്ളിപ്പ് ആരംഭിക്കുന്നത്. ആനപ്പുറത്ത് എഴുന്നള്ളിക്കുന്ന ദേവനെ ഭക്തർ നിലവിളക്ക് തെളിച്ചും കർപ്പൂരദീപം കത്തിച്ചും സ്വീകരിക്കും.
വെളിനെല്ലൂർ മണികണ്ഠൻ എന്ന ഗജവീരനാണ് ഭഗവാൻ്റെ തിടമ്പേറ്റുന്നത്. തന്ത്രിമാരായ കണ്‌ഠര് രാജീവര് , കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി അരുൺകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.പതിനെട്ടാംപടി കയറിയെത്തുന്ന ഭക്തരെ കൊടിമരത്തിൻ്റെ ഇരു വശങ്ങളിലൂടെ നേരിട്ട് കടത്തി വിട്ടാണ് ദർശനം നൽകുന്നത്. ആറാട്ട് ദിവസമായ 11 ന് രാവിലെ 9 മണിക്ക് പമ്പയിലേക്ക് ആറാട്ട് ഘോഷയാത്രയും നടക്കും.