കൊച്ചി:സംസ്ഥാനത്ത് റംസാൻ-വിഷു ചന്ത നടത്താൻ കൺസ്യൂമർഫെഡിന് ഹൈക്കോടതി അനുമതി നൽകി.ചന്തകൾ സർക്കാർ സ്പോൺസേഡ് ആണെന്നോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കു ഗുണകരമാകുന്ന രീതിയിലോ വോട്ടർമാരെ സ്വാധീനിക്കാനുള്ള പ്രചരണ പരിപാടിയാകാൻ പാടില്ലെന്നും കോടതി അറിയിച്ചു. ചന്തകളുടെ നടത്തിപ്പിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് റംസാൻ-വിഷു ചന്തകള്‍ തുടങ്ങുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേര്‍പ്പെടുത്തിയതിനെതിരെ കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി .ചന്ത തുടങ്ങാൻ തീരുമാനിച്ച സമയമാണ് അസ്വസ്ഥതപ്പെടുത്തുന്നതെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യത്തില്‍ കുറ്റം പറയാനാകില്ലെന്നും കോടതി പറഞ്ഞു.എന്നാൽ ചന്തയിൽ വിതരണത്തിനായുള്ള ഭക്ഷ്യസാധനങ്ങൾ ഇതിനകം തന്നെ വാങ്ങിച്ചു കഴിഞ്ഞതായി കൺസ്യൂമർഫെഡ് കോടതിയെ അറിയിച്ചു .തുടർന്നാണ് ഹൈക്കോടതി അനുമതി നൽകിയത്.