പത്തനംതിട്ട: കഴിഞ്ഞവർഷം സ്കൂൾ വെക്കേഷൻ കാലയളവിൽ അച്ഛന്റെ വീട്ടിൽ പോയ 13 കാരിയെ ദേഹത്ത് കയറിപ്പിടിച്ച് ലൈംഗിക അതിക്രമം കാട്ടിയയാളെ പന്തളം പോലീസ് പിടികൂടി. കൊടുമൺ അങ്ങാടിക്കൽ നോർത്ത് കല്ലുകാട്ടിൽ വീട്ടിൽ വേണുലാൽ (53) ആണ് അറസ്റ്റിലായത്.
2022 ൽ കൊടുമൺ പോലീസ് ചെയ്ത പോക്സോ കേസിൽ പ്രതിയാണ്. വീട്ടിലെ സ്വിച്ച് ബോർഡ് നന്നാക്കാൻ എത്തിയപ്പോഴാണ് കുട്ടിയുടെ അകന്ന ബന്ധു കൂടിയായ ഇയാൾ ഉറങ്ങുകയായിരുന്ന കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയത്. ഞെട്ടിയുണർന്നപ്പോൾ ലൈംഗിക ചേഷ്ടകൾ കാട്ടുകയും ചെയ്തു.
പിന്നീട് പുറത്തുവച്ച് കാണുമ്പോഴൊക്കെ ഇയാൾ ഇത് തുടർന്നു. ഭയന്നുപോയ കുട്ടി വിവരം മറ്റാരോടും പറഞ്ഞില്ല. പിന്നീട് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച കുട്ടി, കൗൺസിലിംഗിനിടെയാണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഏപ്രിലിൽ കുട്ടിക്ക് സുഖമില്ലാതെ ചികിത്സക്ക് എത്തിച്ചപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം കൗൺസിലിംഗിന് വിധേയയാക്കിയപ്പോൾ വിവരം പുറത്തറിയുകയായിരുന്നു. ഈ മാസം 15 നാണ് പന്തളം പോലീസിൽ പരാതി ലഭിക്കുന്നത്. തുടർന്ന് വനിതാ പോലീസ് സ്റ്റേഷൻ എസ് ഐ കെ ആർ ഷെമിമോൾ, സ്റ്റേഷനിലെ ശിശുസൗഹൃദ ഇടത്തിൽ വച്ച് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പന്തളം എസ് ഐ സി സി വി വിനോദ് കുമാർ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു അന്വേഷണം ആരംഭിച്ചു. അടൂർ ജെ എഫ് എം കോടതിയിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
അന്വേഷണത്തിനിടെ അങ്ങാടിക്കൽ വടക്ക് വച്ച് പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനക്കുശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയും, സാക്ഷികളെ കാണിച്ചു തിരിച്ചറിയുകയും ചെയ്തു. തുടർന്ന് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.