തിരുവല്ല : കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ബസ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ ആഞ്ഞിലിത്താനം മാമന്നത്ത് വീട്ടിൽ ജെബിൻ (34) ആണ് പിടിയിലായത്. ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം.
മദ്യപിച്ച് ലക്കു കെട്ട ജെബിൻ കെഎസ്ആർടിസി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന തിരുവല്ല – മല്ലപ്പളളി റൂട്ടിൽ സർവ്വീസ് നടത്തുന്ന ഓർഡിനറി ബസ് തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്. ബസ് സ്റ്റാർട്ട് ആക്കി ഓടിച്ചു പോകാൻ ശ്രമിക്കുന്നത് കണ്ട കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും ചേർന്ന് ശ്രമം തടയുകയായിരുന്നു.
തുടർന്ന് ജീവനക്കാരും സ്റ്റാൻഡിൽ ഉണ്ടായിരുന്ന യാത്രക്കാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് ഇയാളെ ബസ്സിൽ നിന്നും പുറത്തിറക്കിയത്. സംഭവം അറിഞ്ഞ് എത്തിയ പോലീസ് സംഘം ജെബിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.