തിരുവല്ല : തിരുവല്ലയിൽ യൂണിഫോം ഇടാതെയും സിഗ്നൽ തെറ്റിച്ചും ടിപ്പർ ഓടിച്ചതിന്റെ ചിത്രം പകർത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ഡ്രൈവറുടെ ഭീഷണിയും അസഭ്യവർഷവും. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്തു. തിരുവല്ല നെടുംപുറം അമിച്ചങ്കേരി വളക്കോട്ട് വീട്ടിൽ കെ ടി രാജേഷിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. അസഭ്യം വിളിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനുമാണ് കേസ്.
മുത്തൂർ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടി ചെയ്ത ട്രാഫിക് യൂണിറ്റിലെ എസ് സി പി ഓ ബി ശ്രീജിത്തിനാണ് ടിപ്പർ ഡ്രൈവറിൽ നിന്നും ഭീഷണിയും അസഭ്യവർഷവുമുണ്ടായത്. 12 നും 14നും ഇതാവർത്തിച്ച ഡ്രൈവർ, പോലീസ് ഉദ്യോഗസ്ഥനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു.
രണ്ടു ദിവസവും യൂണിഫോം ധരിക്കാതെയും ട്രാഫിക് സിഗ്നൽ തെറ്റിച്ചുമാണ് ഇയാൾ ടിപ്പർ ഓടിച്ചതെന്ന് പോലീസ് പറയുന്നു. ഇതിന്റെ ഫോട്ടോ മൊബൈലിൽ എടുത്തതിന്റെ വിരോധം കാരണം, ഇയാൾ ഇങ്ങനെ പ്രവർത്തിച്ചതാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
തുടർന്ന് വണ്ടിയുടെ ആർ സി വിവരങ്ങൾ പരിശോധിച്ചാണ് ഡ്രൈവറെകുറിച്ചു മനസ്സിലാക്കിയത്. 12 ന് രാവിലെ 10.30 ന് മുത്തൂർ ജംഗ്ഷനിൽ ഡ്യൂട്ടി നോക്കിയ ശ്രീജിത്ത് ഡ്രൈവറുടെ നിയമലംഘനം മൊബൈലിൽ പകർത്തി. ഇതിൽ പ്രകോപിതനായി അസഭ്യവാക്കുകൾ മുഴക്കിയ ഡ്രൈവർ, ശ്രീജിത്തുമായി തർക്കത്തിൽ ഏർപ്പടുകയും ഭീഷണി പ്പെടുത്തുകയും ചെയ്യുകയും, ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു.
പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. 14 ന് ഇതേ സ്ഥലത്തുവച്ച് ശ്രീജിത്തിനെ കണ്ട ഡ്രൈവർ, വീണ്ടും വാഗ്വാദമുണ്ടാവുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയുമായിരുന്നു. ശ്രീജിത്ത്, ട്രാഫിക് എസ് ഐക്ക് സംഭവം സംബന്ധിച്ച് റിപ്പോർട്ട് ഹാജരാക്കി. ഇതിൽ അന്വേഷണം നടത്തിയ എസ് ഐ സംഭവം ശരിയെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് എസ് എച്ച് ഒയ്ക്ക് നടപടിക്കായി റിപ്പോർട്ട് സമർപ്പിക്കുകയുമായിരുന്നു.
12 ന് ഉണ്ടായ കാര്യങ്ങൾ ട്രാഫിക് എസ് ഐ യെ അറിയിച്ചപ്പോൾ, യൂണിഫോം ധരിക്കാതെ ടിപ്പർ ഓടിച്ചതിന് ഡ്രൈവർക്ക് ചെലാൻ നൽകിയിരുന്നു. 14 നും നിയമം ലംഘിച്ച് എത്തിയ ഇയാൾ, ചെലാൻ കിട്ടിയ വിരോധത്തിൽ പ്രകോപിതനായി പോലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി മനപ്പൂർവം തടസ്സപ്പെടുത്തുകയും തർക്കത്തിൽ ഏർപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.






