ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ട്-യുക്രെയ്ൻ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് രാവിലെ യാത്ര തിരിച്ചു. ഇന്ത്യ – പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികാഘോഷ വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. മൊറാർജി ദേശായിക്ക് ശേഷം 45 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലേക്ക് യാത്ര തിരിക്കുന്നത്.
രണ്ട് ദിവസങ്ങളിലായി നടത്തുന്ന പോളണ്ട് സന്ദർശനത്തിൽ പ്രസിഡന്റ് ആൻദ്രെജ് ദുഡെ,പ്രധാനമന്ത്രി ഡോണൾഡ് ടസ്‌ക്ക് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.രാജ്യത്തെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാജ്യതലസ്ഥാനമായ വാർസോയിൽ പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
പോളണ്ട് സന്ദര്‍ശനത്തിനുശേഷം 23 ന് പ്രധാനമന്ത്രി റെയിൽ ഫോഴ്‌സ് വൺ എന്ന ട്രെയിനിൽ യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് യാത്ര തിരിക്കും.യുക്രെയിൻ പ്രസിഡൻറ് വ്ളോഡിമിർ സെലൻസ്കിയുമായി ചർച്ച നടത്തും.ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ച് 30 വര്‍ഷത്തിനുശേഷം യുക്രെയിൻ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.