ചെങ്ങന്നൂർ : സമൂഹത്തിന്റെ പുരോഗതിക്ക് അടിസ്ഥാനപരമായി വേണ്ടത് വായനയാണെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂർ ചെറിയനാട് പഞ്ചായത്തിലെ സർക്കാർ ആയുർവേദ ആശുപത്രിയുടെ ഉപകേന്ദ്രവും നവീകരിച്ച വായനശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തുരുത്തിമേൽ പ്രദേശത്ത് ജനങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുന്ന ആയുർവേദ ആശുപത്രിയുടെ ഉപകേന്ദ്രവും ലൈബ്രറിയുമാണ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വായനയിലൂടെ മാത്രമേ വളരാൻ സാധിക്കൂ. കുട്ടികളെ ഗ്രന്ഥശാലയിൽ എത്തിച്ച് പുസ്തകങ്ങൾ പരിചയപ്പെടുത്തണം. വായന ഇല്ലെങ്കിൽ നാട് മരണവീടിന് തുല്യമാണ്. ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നും നല്ല ആശയങ്ങൾ കേരളം ഉൾക്കൊള്ളുന്നുണ്ട്. റോഡുകളും സ്കൂളുകളും പാലങ്ങളും നിർമ്മിക്കുന്നത് മാത്രമല്ല വികസനം. ജനങ്ങൾ എത്രത്തോളം പുരോഗമനപരമായി ചിന്തിക്കുന്നു എന്നിടത്താണ് യഥാർത്ഥ വികസനമെന്നും അതിന് വേണ്ടത് വായനയാണെന്നും മന്ത്രി പറഞ്ഞു.
ചെറിയനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ ചെറുവല്ലൂരിലാണ് ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നത്. പഞ്ചായത്തിൻ്റെ വടക്കു ഭാഗത്തുള്ള ഏഴു വാർഡുകളിലുള്ളവരുടെ യാത്രാ സൗകര്യം പരിഗണിച്ചാണ് മൂന്നാം വാർഡിൽ ഉപകേന്ദ്രം ആരംഭിച്ചത്.എല്ലാ ബുധനാഴ്ച്ചയും ഉപകേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ലഭിക്കും. ബാക്കിയുള്ള ദിവസങ്ങളിൽ മരുന്നു വിതരണവും ഉണ്ടാകും.
തുരുത്തിമേൽ സാംസ്കാരിക നിലയത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന രമേശൻ അധ്യക്ഷയായി. ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം സലിം എന്നിവർ വിശിഷ്ടാതിഥികളായി. ഉദ്ഘാടന ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു.