ന്യൂഡൽഹി: ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപമുണ്ടായ ഉഗ്ര സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാർ ഓടിച്ചത് ജെയ്ഷെ ഭീകരൻ ഡോക്ടർ ഉമർ മുഹമ്മദെന്ന് സംശയം. ഇയാളുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്.പുല്‍വാമ സ്വദേശിയാണ്. ഇയാള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.ഇയാളുടെ അമ്മയെയും സഹോദരങ്ങളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ജമ്മു-കശ്മീര്‍, ഹരിയാണ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലായി വ്യാപിച്ച ഭീകരവാദശൃംഖലയിലെ മൂന്ന് ഡോക്ടര്‍മാരുള്‍ടെ എട്ട് പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.ഇവരുമായി ഉമറിന് അടുത്ത ബന്ധമുണ്ടെന്നും ഇവരെ പിടികൂടിയ വിവരം അറിഞ്ഞ് ഇയാൾ ഫരീദാബാദിൽനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് സൂചന .
തിങ്കളാഴ്ച 6.52 ഓടെയാണ് സ്ഫോടനമുണ്ടായത്.പൊട്ടിത്തെറിയ്ക്കിരയാക്കിയ കാർ ഹരിയാന രജിസ്ട്രേഷൻ എച്ആര്‍ 26 സിഇ 7674 എന്ന നമ്പറിലുള്ള വെളുത്ത ഹ്യുണ്ടായ് ഐ20യാണ്.കാർ ഡൽഹിയിൽ പലയിടങ്ങളിലായി ചുറ്റിക്കറങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. ബദൽപുർ അതിർത്തിയിൽ നിന്നാണ് കാർ അവസാനമായി നഗരത്തിലേക്ക് പ്രവേശിച്ചത്.
ചെങ്കോട്ടയ്ക്ക് സമീപമുള്ള സുനഹ്റി മസ്ജിദിനു സമീപം കാർ ഏതാണ്ട് മൂന്ന് മണിക്കൂറിനു മുകളിൽ സമയം നിർത്തിയിട്ടിരുന്നു. കാർ വൈകീട്ട് 3.19നു ഇവിടേയ്ക്ക് പ്രവേശിക്കുന്നതും 6.48നു പുറത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്.സിസിടിവി ദൃശ്യങ്ങളിൽ തുടക്കത്തിൽ ഡ്രൈവറുടെ മുഖം വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ കാർ മുന്നോട്ടു പോകുമ്പോൾ മുഖം മറച്ച ഒരാളാണ് ഡ്രൈവിങ് സീറ്റിലിരിക്കുന്നതെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ താരിഖില്‍നിന്നാണ് ഉമര്‍ കാര്‍ വാങ്ങിയതെന്നാണ് സൂചന. ഇയാളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹി പൊലീസ് യുഎപിഎ പ്രകാരം കേസ് റജിസ്റ്റർ ചെയ്തു.






