ശബരിമല : ശബരിമല ദ്വാരപാലക ശിലപ്പത്തിന്റെ സ്വർണപാളി കോടതിയുടെ അനുമതി ഇല്ലാതെ അറ്റകുറ്റപ്പണിയ്‌ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ വലിയ വീഴ്ച സംഭവിച്ചതായി കാണിച്ച് സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി.
സ്വർണപാളി ചെന്നൈയിലേക്ക് കൊണ്ടുപോയതിൽ ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചായാണുണ്ടായതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ശ്രീകോവിലിന്റെ ഇരുവശങ്ങളിലായുള്ള ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണപാളികൾ ഉപയോഗിച്ച് മൂടിയിരുന്നു. ഈ സ്വർണപാളികളിൽ കേടുപാടുകൾ ഉണ്ടായിയെന്നും ഇത് പരിഹരിക്കണമെന്നും പറഞ്ഞാണ് ദേവസ്വം ബോർഡ് ഇത് ഇളക്കിക്കൊണ്ടുപോയത്.
ഇങ്ങനെ കൊണ്ടുപോയത് ദേവസ്വം ബാർഡ് ഹൈക്കോടതിയേയോ സ്പെഷ്യൽ കമ്മിഷണറയോ അറിയിച്ചിരുന്നില്ല. ഇത്തരത്തിൽ സ്വർണപാളികൾ ഇളക്കണമെങ്കിൽ ഹൈക്കോടതിയെ അറിയിച്ച് ഒരു സമിതിയെ നിയോഗിക്കണമായിരുന്നു. ഈ സമിതിയുടെ പൂർണ നിരീക്ഷണത്തിൽ ശബരിമലയിൽ വച്ച് തന്നെ അറ്റകുറ്റപ്പണികൾ തീർക്കേണ്ടതാണ്.
ഓണപൂജ കഴിഞ്ഞ് നട അടച്ച സമയത്ത് സ്വർണപാളികൾ ഇളക്കി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ തന്ത്രിയുടെ അനുമതി വാങ്ങിയശേഷമാണ് സ്വർണപാളികൾ ഇളക്കിയതെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.