തിരുവനന്തപുരം : ശബരിമല സ്വർണാപഹരണ കേസിൽ മുന്‍ ദേവസ്വം പ്രസിഡന്‍റ് എന്‍ വാസുവിന്‍റെ അറസ്റ്റിന് പിന്നാലെ കൂടുതൽ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2019ൽ എ പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് കേസിൽ പ്രതിപ്പട്ടികയിലുണ്ട്. പത്മകുമാറിന്‍റെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
അക്കാലയളവിലെ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവരുടെ മൊഴി അന്വഷണ സംഘം ശേഖരിച്ചു വരികയാണ്. ഇത് പൂര്‍ത്തിയായ ശേഷം പത്മകുമാർ അടക്കമുള്ള ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെയുള്ള നടപടികളിലേക്ക് സംഘം കടക്കും. ഇതിന് മുമ്പായി, ചില ഇടനിലക്കാരെയും പ്രതിപ്പട്ടികയിലുള്ള മറ്റ് ചില ഉദ്യോഗസ്ഥരുടേയും അറസ്റ്റിനും സാധ്യതയുണ്ട്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.






