അയിരൂർ : സനാതന ധര്‍മ്മമാണ് ഹിന്ദു മതത്തിന്റെ അടിസ്ഥാനമെന്നും നന്മയ്ക്കുവേണ്ടിയുള്ളതാണ് ഹിന്ദുമതമെന്നും ഡോ. മോഹന്‍ ഭഗവത്. ചെറുകോൽപ്പുഴ വിദ്യാധിരാജ നഗറില്‍ ഇന്ന് നടന്ന ഹിന്ദു ഏകത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ജീവിത രീതിയാണ് ഉണ്ടാവേണ്ടത്. കുടുംബങ്ങളില്‍ നിന്നു വേണം ഇത് ആരംഭിക്കണ്ടേത്.
ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കുറഞ്ഞത് കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് പ്രാര്‍ത്ഥിക്കുകയും ഭക്ഷണം കഴിക്കുകയും വേണം. വീടുകള്‍ അണുകുടുംബങ്ങളായതിനാല്‍ പ്രാര്‍ത്ഥനയും ഒരുമയും ഇല്ലാതായിരിക്കുകയാണ്. വീടുകളിലെ സംഭാഷണങ്ങളില്‍ വിദേശ ഭാഷ ഉപയോഗിക്കരുത്. മാതൃഭാഷയില്‍ വേണം കുട്ടികളോട് സംസാരിക്കേണ്ടത്.
സ്വദേശി വസ്ത്രധാരണവും നാടന്‍ ഭക്ഷണങ്ങളും കുട്ടികളെ പഠിപ്പിക്കണം. ഇതിനോടൊപ്പം ധര്‍മ്മം എന്താണെന്നും പറഞ്ഞു കൊടുക്കണം. ധാര്‍മ്മിക ബോധം കുട്ടികളില്‍ വളരുകയാണെങ്കില്‍ മയക്കുമരുന്നിന്റെയും മറ്റ് ലഹരി വസ്തുക്കുളുടെയും ഉപഭോഗം കുറയ്ക്കാന്‍ കഴിയുമെന്നും മോഹന്‍ ഭഗവത് പറഞ്ഞു
ദാരിദ്ര്യം ഉള്ളവരെ സഹായിക്കേണ്ടത് ധര്‍മ്മമാണെന്നും കുട്ടികളെ പഠിപ്പിക്കണം. സര്‍വ്വചരാചരങ്ങളിലും ഈശ്വരാംശം ഉള്ളതിനാല്‍ പരിസ്ഥിതി സംരക്ഷണവും പ്രകൃതി സ്‌നേഹവും ഉണ്ടാവണം. ഇതും ധര്‍മ്മമാണ്. കുട്ടികളെകൊണ്ടുള്ള വിനോദ യാത്രകള്‍ ഭാരതത്തിന്റെ സംസ്‌കൃതി മനസ്സിലാക്കുന്ന തരത്തിലുള്ളതാവണം.
ചരിത്ര പുരുഷ്ന്‍മാരെയും ചരിത്ര സ്മാരകങ്ങളും കുട്ടികള്‍ക്ക് പകര്‍ന്നു കൊടുത്തെങ്കില്‍ മാത്രമേ ധാര്‍മ്മികതയോടും ദേശ സ്‌നേഹത്തോടുകൂടിയും ഒരു തലമുറ വളര്‍ന്നു വരികയുള്ളുവെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ് പി എസ് നായര്‍ അധ്യക്ഷത വഹിച്ചു. ജെ. നന്ദകുമാര്‍ പരിഭാഷപ്പെടുത്തി.
ശ്രീനാരായണ ഗുരുവിന്റെ സംസ്‌കൃത കൃതിയായ ശ്രീനാരായണ സ്മൃതിയുടെ പ്രകാശനവും മോഹന്‍ ഭഗവത് നിര്‍വ്വഹിച്ചു. കെ. ഹരിദാസ്, ഡി. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. രാത്രിയിൽ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തി.
മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, പത്മശ്രീ കുഞ്ഞോള്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, അമൃതശാല ഗോശാല ചെയര്‍മാന്‍ അജയകുമാര്‍ വല്ല്യൂഴത്തില്‍, വിവിധ ഹിന്ദു സംഘടന പ്രതിനിധികള്‍, മഠാധിപതികള്‍ എന്നിവര്‍ സന്നിഹിതരായി.