ബെംഗളൂരു : ഉത്തരകർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്. ഇന്നത്തെ തിരച്ചിൽ ഗംഗാവാലി പുഴ കേന്ദ്രീകരിച്ച് ആരംഭിച്ചു. തീരത്തുനിന്നു 40 മീറ്റർ മാറി സിഗ്നല്‍ കിട്ടിയതോടെയാണ് പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. അതിനിടെ, സ്ഥലത്തുനിന്ന് ഒരു സ്ത്രീയുടെ മൃതദേഹംകൂടി കണ്ടെത്തിയിട്ടുണ്ട്.
പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുന്നത് തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. ഐഎസ്ആർഒ നൽകിയ ഉപഗ്രഹദൃശ്യങ്ങളിൽ വ്യക്തതയില്ലെന്ന് ഉത്തര കന്നഡ കലക്ടർ അറിയിച്ചു. ദുരന്തം നടന്ന ദിവസം പുലർച്ചെ ആറ് മണിക്ക് ഉള്ള സാറ്റലൈറ്റ് ചിത്രമാണ് ഐഎസ്ആർഒ കൈമാറിയത്. കാർമേഘം മൂടിയ നിലയിൽ ഉള്ള ചിത്രങ്ങളിൽ നിന്ന് അർജുന്‍റെ വാഹനമടക്കം കണ്ട് പിടിക്കാൻ മാർഗമില്ല. മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്.