കോട്ടയം : രോഗികളെ ഭവനങ്ങളിൽ സന്ദർശിച്ച് സ്വാന്തന പരിചരണം നൽകുന്നത് ദൈവീകമായ ശുശ്രൂഷയും സമൂഹത്തിന്റെ ആദരവ് ലഭിക്കേണ്ട മഹത്തായ കർമ്മവുമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. അന്താരാഷ്ട്ര സ്വാന്തന പരിചരണ ദിനത്തിൽ മലങ്കരസഭയുടെ സഹോദരൻ പദ്ധതിയും പുതുപ്പള്ളി പാറേട്ട് മാർ ഈവാനിയോസ് ആശുപത്രിയും സംയുക്തമായി നടത്തുന്ന പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
ചടങ്ങിൽ പങ്കെടുത്ത 18 പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെയും ആവശ്യം പരിഗണിച്ച് 18 ഓക്സിജൻ കോൺസൺട്രേറ്ററുകൾ സൗജന്യമായി നൽകുമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു. പാറേട്ട് ആശുപത്രിയിലെ പാലിയേറ്റീവ് രോഗികളുടെ ചികിത്സക്കായി സഭയുടെ അൽമായ ട്രസ്റ്റി 1.20 ലക്ഷം രൂപ നൽകും. അഡ്വ.ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി.കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയർ യൂണിറ്റുകളെയും, പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെയും ചടങ്ങിൽ ആദരിച്ചു.
കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വർഗീസ് പുന്നൂസ് ക്ലാസെടുത്തു. അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഡോ.ജോർജ് കുര്യൻ, ഫാ.കെ.എം.സക്കറിയാ, ഫാ.ആൻഡ്രൂസ് റ്റി.ജോൺ, ഫാ.കുര്യാക്കോസ് മാണി, രാജ് ഫിലിപ്പ്, പി.കെ വൈശാഖ്, സിബി ജോൺ, ദായ് റ്റി. ഏബ്രഹാം,ഡോ.സി.പി.ജോയി, ചെറിയാൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.