പത്തനംതിട്ട: ക്ഷീരകർഷകരുടെ വികസനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. കുന്നന്താനം മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് പാലിന്റെ ആഭ്യന്തര ഉദ്പാദനത്തിൽ വലിയ വർധനയുണ്ട്. മിൽമയ്ക്ക് ലഭിക്കുന്ന ലാഭത്തിൽ നിന്ന് ക്ഷീരസംഘങ്ങൾ വഴി വ്യത്യസ്തമായ ആനുകുല്യങ്ങൾ കർഷകർക്ക് നൽകുന്നു. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സ്കോളർഷിപ്പ്, വിവാഹധനസഹായം, ഇൻഷുറൻസ് പദ്ധതി, കാലിത്തീറ്റസബ്സിഡി, കന്നുകുട്ടി പരിപാലനം, കിടാരിപാർക്ക്, ക്ഷീരഗ്രാമം പദ്ധതിയുൾപ്പെടെ സംസ്ഥാന സർക്കാർ നടപ്പാക്കി.
സംസ്ഥാനത്തെ മുഴുവൻ പശുക്കൾക്കായുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതിയും ഉടൻ ആരംഭിക്കും. കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ചട്ടം ഉടൻ പ്രസിദ്ധികരിക്കുമെന്നും മന്ത്രി പറഞ്ഞു. വിഷാംശമുള്ള കാലിത്തീറ്റ ഇറക്കുമതി ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മൃഗാശുപത്രിക്ക് സ്വന്തം കെട്ടിടമില്ലാത്തയിടത്ത് പഞ്ചായത്തുകൾ സ്ഥലം കണ്ടെത്തിയാൽ നിർമാണത്തിന് വകുപ്പ് ഫണ്ട് നൽകുമെന്നും മന്ത്രി പറഞ്ഞു.
ശോചനീയമായ കെട്ടിടങ്ങൾ യഥാസമയം പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് അധ്യക്ഷത വഹിച്ച് അഡ്വ. മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയവ നിർമ്മിക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. മൃഗാശുപത്രിക്ക് പുതിയ കെട്ടിടം വേണമെന്ന ആവശ്യം മനസിലാക്കിയാണ് നിർമാണം ആരംഭിക്കുന്നത്. പാലുൽപാദനത്തിൽ സ്വയം പര്യാപ്തമാകുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സർക്കാർ പ്രവർത്തിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ് സന്തോഷ് പദ്ധതി വിശദീകരിച്ചു. മൃഗസംരക്ഷണ വകുപ്പ് അനുവദിച്ച 60ലക്ഷം രൂപയിലാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം.