പത്തനംതിട്ട : ക്ഷേത്രദർശനത്തിനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ആളെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ കാരികയം പള്ളിപ്പറമ്പിൽ വീട്ടിൽ സതീഷ് (38) ആണ് പിടിയിലായത്.
പെരുനാട് കക്കാട്ടുകോയിക്കൽ ധർമ്മശാസ്തക്ഷേത്രത്തിനുള്ളിൽ തിരുവാഭരണചാർത്ത് മഹോത്സവത്തിനിടെ, ബന്ധുവിനൊപ്പം ദർശനത്തിന് ക്യൂ നിന്ന യുവതിയെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു. കൈ തട്ടിമാറ്റിയപ്പോൾ പിന്നെയും പ്രതി ലൈംഗിക അതിക്രമം നടത്തി. കഴിഞ്ഞ രാത്രിയിലാണ് സംഭവം.
ഇന്ന് പുലർച്ചയോടെ യുവതി സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. എസ് ഐ എ ആർ രവീന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശത്തേതുടർന്ന് ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു.
വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരുനാട് പോലീസ് ഇൻസ്‌പെക്ടർ ജി. വിഷ്ണുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.