മലപ്പുറം : മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾ കുറ്റക്കാർ. ഒന്നാം പ്രതി ഷൈബിൻ, രണ്ടാം പ്രതി ഷിഹാബ്, ആറാം പ്രതി നിഷാദ് എന്നിവർ കുറ്റക്കാരാണെന്ന് തെളിഞ്ഞു. കേസിലെ 9 പ്രതികളെ വിട്ടയച്ചു. മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിൽ 22 ന് ശിക്ഷ വിധിക്കും.
മൃതദേഹം കണ്ടെത്താത്ത കേസിലാണു കോടതി വിധി പറഞ്ഞിരിക്കുന്നത്. മൈസൂര്‍ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോര്‍ത്താനാണ് 2019 ഓഗസ്റ്റിൽ പ്രതികൾ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. രഹസ്യം കൈമാറാതെ വന്നതോടെ 2020 ഒക്ടോബർ എട്ടിന് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ചാലിയാറിൽ ഒഴുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.