കൊച്ചി : എംഎസ്സി എല്‍സ-3 കപ്പല്‍ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്ഥിതിനാശത്തിന് 1262.6 കോടിയുടെ നഷ്ടപരിഹാരം നല്‍കാൻ ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാർ ഫയല്‍ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് ജസ്റ്റിസ് എം.എ. അബ്ദുല്‍ ഹക്കീമിന്റെ ഉത്തരവ്.
മുങ്ങിയ കപ്പലില്‍നിന്ന് എണ്ണ ചോരുകയും കണ്ടെയ്നറുകളിലെ രാസ വസ്തുക്കളടക്കം സമുദ്രത്തില്‍ കലരുകയും ചെയ്തത് മൂലം പരിസ്ഥിതി, സാമ്പത്തിക മേഖലകളിലുണ്ടായ നഷ്ടം കണക്കിലെടുത്താണ് ഉത്തരവ്. 9531 കോടി രൂപയുടെ ഉയർന്ന നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നായിരുന്നു സർക്കാർ വാദം.
എന്നാല്‍ സർക്കാർ ആവശ്യപ്പെടുന്ന തുക യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന വാദമാണ് കപ്പല്‍ കമ്പനി ഉന്നയിച്ചത്. അപകടം നടന്നിട്ടുള്ളത് സംസ്ഥാന സമുദ്രാതിർത്തിയില്‍നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെയായതിനാല്‍ കേരള സർക്കാരിന് അഡ്മിറാലിറ്റി സ്യൂട്ട് നല്‍കാൻ അധികാരമില്ലെന്നും അവർ വാദിച്ചിരുന്നു.
മേയ് 24-നാണ് കൊച്ചി തീരത്തിന് സമീപം ലൈബീരിയന്‍ ചരക്കുകപ്പലായ എംഎസ്‌സി എല്‍സ-3 കപ്പല്‍ മുങ്ങി അപകടമുണ്ടാകുന്നത്. വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പല്‍ കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറുവെച്ചാണ് അപകടത്തില്‍പ്പെട്ടത്.






