വയനാട് : പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘത്തിലെ മുഴുവൻ അംഗങ്ങളും ഫൊറൻസിക് ഉദ്യോഗസ്‌ഥരും കോളജ് ഹോസ്റ്റലിൽ എത്തി.കൽപറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസും ഒപ്പമുണ്ട്.
കോളേജിലെ സിദ്ധാർഥൻ മരിച്ചുകിടന്ന ശുചിമുറി, സിദ്ധാർഥന് മർദ്ദനമേറ്റ സ്‌ഥലങ്ങൾ എന്നിവ സംഘം പരിശോധിക്കും.സിദ്ധാർഥനെ മരിച്ചനിലയിൽ കണ്ടവരോട് ഇന്നു ഹാജരാകാൻ നിർദേശം നൽകിയിരുന്നു.കോളേജിലെ ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ട്, വിദ്യാർഥികളുടെ മൊഴികൾ തുടങ്ങിയ രേഖകൾ ശേഖരിച്ച സിബിഐ സംഘം കഴിഞ്ഞ ദിവസം സിദ്ധാർഥന്റെ കുടുംബത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.