കോട്ടയം: ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗമായുള്ള സ്റ്റുഡന്റ്സ് സേവിങ് സ്‌കീമിൽ സംസ്ഥാനത്ത് ഈ വർഷം ഏറ്റവുമധികം നിക്ഷേപം ലഭിച്ചത് കോട്ടയം ജില്ലയിൽ. കൂടുതൽ സ്‌കൂളുകളെ ചേർത്ത ജില്ലയും കോട്ടയമാണ്. ജില്ലയിൽ 862 സർക്കാർ, എയിഡഡ് സ്‌കൂളുകളുള്ളതിൽ 836 ഇടത്തും(97 ശതമാനം) പദ്ധതി തുടങ്ങി. പദ്ധതിയിൽ ചേർന്ന 26793 കുട്ടികളിൽ നിന്നായി 86,24,637 രൂപയാണ് മാർച്ച് 12 വരെയുള്ള നിക്ഷേപം.
322 രൂപയാണ് ഒരു കുട്ടിയുടെ ശരാശരി നിക്ഷേപം. 20 ശതമാനം കുട്ടികൾ പദ്ധതിയിൽ ചേർന്നു.അടുത്ത അധ്യയനവർഷം ജില്ലയിലെ മുഴുവൻ വിദ്യാർഥികളെയും പദ്ധതിയുടെ ഭാഗമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കർമപദ്ധതികളാവിഷ്‌കരിച്ചു. എല്ലാ സർക്കാർ, എയിഡഡ് സ്‌കൂളുകളും പദ്ധതിയുടെ ഭാഗമാകുന്നുവെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗം തീരുമാനിച്ചു. പി.ടി.എ. യോഗങ്ങളിൽ ദേശീയ സമ്പാദ്യപദ്ധതി വകുപ്പിന്റെ ജില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥർ നേരിട്ടെത്തി പദ്ധതിയേക്കുറിച്ച് വിശദീകരിക്കും. രക്ഷിതാക്കൾക്കിടയിൽ പ്രചാരണവും അവബോധവും നടത്തും.
ദേശീയ സമ്പാദ്യവകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ട്രഷറി വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിവരുന്നത്. സർക്കാർ, എയിഡഡ് സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതൽ പ്ലസ്ടൂ വരെയുള്ള വിദ്യാർഥികൾക്കു പദ്ധതിയിൽ ചേരാം. കുട്ടികളായിരിക്കുമ്പോൾ തന്നെ സമ്പാദ്യശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയിലൂടെ ബാങ്കിങ് പ്രവർത്തനങ്ങളേക്കുറിച്ചുള്ള അവബോധവും വിദ്യാർഥികൾക്ക് ലഭിക്കുന്നു. നിലവിൽ നാലുശതമാനം പലിശയാണ് പദ്ധതിയിലെ നിക്ഷേപത്തിന് നൽകുന്നത്.