തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തി. താരം നായകനായെത്തുന്ന ഒറ്റക്കൊമ്പൻ ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് തുടങ്ങി. നവാഗതനായ മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒറ്റക്കൊമ്പൻ സിനിമയുടെ ആദ്യ ഷെഡ്യൂളിലെ ആദ്യ ദിവസമായിരുന്നു ഇന്ന്. പൂജപ്പുര സെൻട്രൽ ജയിലായിരുന്നു ഇതിന്റെ ലൊക്കേഷൻ. പത്ത് ദിവസമാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ.
കേന്ദ്രമന്ത്രിയായതിനുശേഷം സുരേഷ് ഗോപിക്ക് സിനിമയിലഭിനയിക്കാൻ പാർട്ടിയുടെ കേന്ദ്ര നേതൃത്വം അനുമതി കൊടുത്തിരുന്നില്ല. ഇപ്പോൾ സിനിമ ചെയ്യാൻ പാർട്ടി അനുമതി നൽകിയതിനെത്തുടർന്നാണ് ഒറ്റക്കൊമ്പന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നത്.
ഇമോഷൻ ത്രില്ലർ ഡ്രാമയായി ആണ് ചിത്രം ഒരുക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി ബിജു പപ്പൻ, മേഘന രാജ്, മാർട്ടിൻ മുരുകൻ, ജിബിൻഗോപിനാഥ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായാണ് മറ്റ് ചിത്രീകരണ രംഗങ്ങൾ. ബിഗ് ബജറ്റിൽ ശ്രീഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിലെ വില്ലനും നായികയുമായി ബോളിവുഡ് സിനിമയിലെ മുൻനിര താരങ്ങൾ ആണ് എത്തുന്നതെന്ന് ശ്രീഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി അറിയിച്ചു.