ശ്രീനഗർ : ജമ്മു കശ്മീരിലെ ഗന്ദേർബൽ ഏരിയയിലുണ്ടായ ഭീകരാക്രമണത്തിൽ ഇതര സംസ്ഥാനക്കാരായ ആറ് തൊഴിലാളികളെയും ഒരു ഡോക്ടറെയും ഭീകരർ കൊലപ്പെടുത്തി. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്.
ജോലി കഴിഞ്ഞു തൊഴിലാളികളും മറ്റു ജീവനക്കാരും ക്യാംപിലേക്കു തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം.ഭീകരരെ കണ്ടെത്താൻ സുരക്ഷാസേന വ്യാപക തിരച്ചിൽ ആരംഭിച്ചു.ആഭ്യന്തരമന്ത്രി അമിത് ഷാ, നിതിൻ ഗഡ്കരി, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, ലഫ് ഗവർണർ മനോജ് സിൻഹ തുടങ്ങിയവർ ആക്രമണത്തെ അപലപിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാപറഞ്ഞു.
അതേസമയം ,ബാരാമുള്ള ജില്ലയിൽ ജമ്മുകശ്മീർ പൊലീസും അതിർത്തി സുരക്ഷാസേനയും സംയുക്തമായി നടത്തിയ തെരച്ചിലിൽ ഒരു ഭീകരനെ വധിച്ചു. ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും വെടിക്കോപ്പുകളും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായി സുരക്ഷാസേന അറിയിച്ചു.