കോട്ടയം: ഹിന്ദുവിന്റെ വിശാല മനസ് ചൂഷണം ചെയ്യപ്പെടേണ്ടതല്ലെന്നും നമ്മുടെ ധര്‍മരക്ഷ നമ്മുടെ മാത്രം കടമയാണെന്നും കുളത്തൂര്‍ അദ്വൈതാനന്ദാശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു.
മാര്‍ഗദര്‍ശകമണ്ഡലിന്റെ നേതൃത്വത്തില്‍ സംന്യാസിശ്രേഷ്ഠര്‍ നയിക്കുന്ന ധര്‍മസന്ദേശയാത്ര കോട്ടയത്ത് എത്തിയപ്പോള്‍ ചേര്‍ന്ന വിരാട് ഹിന്ദുസമ്മേളനത്തില്‍ ധര്‍മ സന്ദേശം നല്കുകയായിരുന്നു സ്വാമി. സന്യാസി സമൂഹം മുഴുവന്‍ സമൂഹത്തിന്റെയും നന്മയ്‌ക്കായാണ് നിരന്തരം പ്രവര്‍ത്തിക്കുന്നത്. ഹിന്ദുവിനെ നിരന്തരം അപമാനിക്കുകയും ക്ഷേത്രങ്ങള്‍ ആക്രമിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇതിനുള്ള പരിഹാരം എന്താണെന്ന് ചര്‍ച്ച ചെയ്യണം.
പ്രാചീനമായ ഉയര്‍ച്ചതാഴ്ചകള്‍ മനസിലാക്കി വീഴ്ചകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രതിജ്ഞാബദ്ധരാകണം. ചരിത്രത്തെ വിസ്മരിക്കരുത്. വിസ്മരിക്കുകയെന്നത് ഹിന്ദുവിന്റെ സ്വഭാവമാണ്. കാതലായ വിഷയങ്ങളെ വിസ്മൃതമാക്കാന്‍ പലരും രംഗത്തുവരും. ചരിത്രത്തെ വിസ്മരിച്ചാല്‍ ഒരു സംസ്‌കാരവും നിലനില്ക്കുകയില്ല സ്വാമി പറഞ്ഞു.
മാര്‍ഗദര്‍ശകമണ്ഡലം സംസ്ഥാന കാര്യദര്‍ശി സത്സ്വരൂപാനന്ദ ആമുഖ പ്രഭാഷണം നടത്തി. വാഴൂര്‍ തീര്‍ത്ഥപാദാശ്രമ കാര്യദര്‍ശി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അധ്യക്ഷനായി. അമൃതാനന്ദമയി മഠത്തിലെ വേദാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി മണികണ്ഠസ്വരൂപാനന്ദ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ധര്‍മ സന്ദേശ യാത്ര ജനറല്‍ കണ്‍വീനര്‍ മറ്റക്കര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി വിശുദ്ധാനന്ദ, വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ സ്വാമി ഗരുഡധ്വജാനന്ദ തുടങ്ങിയവർ പ്രസംഗിച്ചു.