കോട്ടയം : ഭാരതം എന്ന മനോഹര നൗകയെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണ് ക്രൈസ്തവ സമൂഹമെന്നും സേവന സന്നദ്ധരായ ക്രൈസ്തവ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ആത്മായ സമൂഹത്തിന്റെയും രാഷ്ട്ര പുനർനിർമ്മാണത്തിലുള്ള സംഭാവനകൾ അതിശ്രേഷ്ഠമാണെന്നും പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് പ്രസ്താവിച്ചു. ചർച്ച് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കോട്ടയം വിമലഗിരി പാസ്റ്ററൽ സെൻററിൽ നടന്ന നാഷണൽ ക്രിസ്ത്യൻ ലീഡേഴ്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപ്പുര അധ്യക്ഷത വഹിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ സന്ദേശം നൽകി. പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ പ്രധാന സന്ദേശം നൽകി.
ഗോവ സംസ്ഥാന വ്യവസായ മന്ത്രി മൗവിൻ ഗോഡിൻഹോ, മോറോൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ, ബിഷപ്പ് സില്‍വാന്‍സ് ക്രിസ്ത്യൻ, ബിഷപ്പ് തിമോത്തി രവീന്ദർ, ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ചർച്ച് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, അസോസിയേറ്റ് സെക്രട്ടറി ഫാ.സിറിൽ തോമസ് തയ്യിൽ, ട്രഷറർ ഡോ. സസ്മിത് പത്ര എം.പി. എന്നിവർ പ്രസംഗിച്ചു.