തിരുവനന്തപുരം : എല്ലാ ഗ്രാമീണ വീടുകളിലും കുടി വെള്ളം എത്തിക്കുന്നതിനുള്ള ജലജീവൻ പദ്ധതി നടത്തിപ്പിൽ കേരളം 31-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതിനും വെള്ളക്കരം ഭീമമായി വർദ്ധിപ്പിച്ചിട്ടും അറ്റകുറ്റപണികൾ ചെയ്യുന്ന ചെറുകിട കരാറുകാർക്ക് 19 മാസത്തെ ബില്ലുകൾ കുടിശ്ശികയാക്കിയതിനും കേരള സർക്കാർ വിശദീകരണം നൽകണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ആവശ്യപ്പെട്ടു.വാട്ടർ അതോരിറ്റി കരാറുകാരുടെ സംയുക്ത സമരസമിതി ജലഭവനു മുൻപിൽ നടത്തിയ ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
44 850 കോടി രൂപയുടെ ജലജീവൻ കുടിവെള്ള പദ്ധതിയുടെ ടെണ്ടറുകൾ പോലും പദ്ധതിയുടെ കാലാവധിക്കുള്ളിൽ വിളിക്കാൻ വാട്ടർ അതോരിറ്റിക്ക് കഴിഞ്ഞില്ല. അതിനാൽ 15 -3 – 2024 – ന് ശേഷം വിളിക്കുന്ന ടെണ്ടറുകൾക്ക് 50 ശതമാനം കേന്ദ്രവിഹിതം ലഭിക്കില്ല. അതിന് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം. പദ്ധതി പൂർത്തിയാക്കലിൽ സംസ്ഥാന സർക്കാർ അലംഭാവം തുടർന്നാൽ യു.ഡി.എഫ് പ്രത്യക്ഷസമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി. നാഗരത്നത്തിൻ്റെ അദ്ധ്യതയിൽ നടന്ന ധർണ്ണയിൽ ബിൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ സുരേഷ് പൊറ്റക്കാട്, കേരളാ ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് വർഗീസ് കണ്ണമ്പള്ളി ,സമരസമിതി ജനറൽ കൺവീനർജോസഫ് ജോൺ, ഭാരവാഹികളായ ശ്രീജിത്ത് ലാൽ , ആർ. രാധാകൃഷ്ണൻ പാലക്കാട്, മാത്യൂ കുഞ്ഞു മാത്യൂ, എം.ആർ.സത്യൻ, ബാബു തോമസ് എന്നിവർ പ്രസംഗിച്ചു. ജൂൺ 1 മുതൽ വാട്ടർ അതോരിറ്റിയിലെ എല്ലാ കരാർ പണികളും നിറുത്തിവയ്ക്കുന്നതാണെന്ന് സമരസമിതി ഭാരവാഹികൾ പിന്നീട് അറിയിച്ചു