പത്തനംതിട്ട : കഴിഞ്ഞ എട്ടരവര്‍ഷത്തിനിടെ സംസ്ഥാനത്ത് ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടെന്നും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓതറ കുടുംബാരോഗ്യ കേന്ദ്രം പുതിയ ഒ പി ബ്ലോക്ക് നിര്‍മാണോദ്ഘാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി 43 ലക്ഷം ഉപയോഗിച്ചാണ് ഒ പി ബ്ലോക്ക് നിര്‍മാണം. 4900 ചതുരശ്രഅടി കെട്ടിടം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 46 കോടിയുടെ നിര്‍മാണം പുരോഗമിക്കുന്നു. പുതിയ വാര്‍ഡിനായി രണ്ട് കോടി രൂപ അനുവദിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടക്കുന്ന 30 കോടിയുടെ നിര്‍മാണം ഏപ്രില്‍- മെയ് മാസത്തോടെ പൂര്‍ത്തിയാകും. ആറന്മുളയില്‍ സഹകരണ എഞ്ചിനീയറിംഗ് കൊളജുമായി ബന്ധപ്പെട്ട് പുതിയ നേഴ്സിംഗ് കൊളജ് അനുവദിച്ചിട്ടുണ്ട്. അടൂര്‍, റാന്നി താലൂക്ക് ആശുപത്രികളില്‍ 15 കോടി രൂപയുടെ വികസനം നടപ്പിലാക്കുകയാണ്. മന്ത്രി പറഞ്ഞു
ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍പിള്ള അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, ഓതറ കുടംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. റ്റിറ്റു ജി സക്കറിയ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.