ചെങ്ങന്നൂര്‍: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് തൊഴുത് ആയിരങ്ങൾ നിർവൃതി നേടി. മലയാള വര്‍ഷത്തെ അഞ്ചാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. ഞായറാഴ്ച്ച രാവിലെ 6.45 ഓടെ തൃപ്പൂത്തറയിൽ നിന്നും ദേവിയെ ആറാട്ട് കടവിലേയ്ക്ക് എഴുന്നള്ളിച്ചു.തുടര്‍ന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവില്‍ ആറാട്ട് നടന്നു.
ആറാട്ട് കർമ്മങ്ങൾക്ക് തന്ത്രി മഹേഷ് മോഹനര് മുഖ്യകാർമ്മികത്വം വഹിച്ചു. ആറാട്ടിനു ശേഷം ദേവിയെ ആറാട്ടു പുരയിൽ പ്രത്യേക മണ്ഡപത്തില്‍ എഴുന്നെള്ളിച്ചിരുത്തി. വിശേഷാല്‍
രാവിലെ 9 മണി ഓടെ ആറാട്ട് ഘോഷയാത്ര മിത്രപ്പുഴ കടവിൽ നിന്നും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ആറാട്ട് കടവിലും, ആറാട്ടെഴുന്നെള്ളിപ്പ് കടന്നു വരുന്ന വഴികളിലും ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു. ഈ സമയം മഴ മാറി അനുകൂല കാലാവസ്ഥ ആയിരുന്നതിനാൽ ആയിരങ്ങൾ ഘോഷയാത്രയിലും ആറാട്ട് ചടങ്ങിലും പങ്കെടുത്തു.
ആറാട്ട് ഘോഷയാത്ര 9.45 ന് ക്ഷേത്രത്തിലെത്തി.ഈ സമയം കിഴക്കേ ഗോപുരനടയിൽ മഹാദേവൻ ദേവിയെ സ്വീകരിച്ചു. ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർ മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്തി.
തുടർന്ന് പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം അകത്തെഴുന്നള്ളിപ്പും തന്ത്രി കണ്ഠരര് മോഹനരുടെ കാർമ്മികത്വത്തിൽ ഇരു നടയിലും കളഭാഭിഷേകവും നടന്നു. ആറാട്ടിനു ശേഷം 12ദിവസം പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ദേവസ്വം ബോർഡ് അംഗം അഡ്വ. പി.ഡി സന്തോഷ് കുമാർ, ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ.ജയകൃഷ്ണൻ, നഗരസഭ വൈസ് ചെയർമാൻ കെ.ഷിബു രാജൻ, ചെങ്ങന്നൂർ ആർഡിഒ ടി.ഐ വിജയസേനൻ, പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ മുരളീധരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.