മല്ലപ്പള്ളി : നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യു പി സ്വദേശികളായ 3 പേരെ കീഴ്‌വായ്‌പ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി ടൗണിൽ മാർക്കറ്റ് റോഡിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഗോരഖ്പൂർ മെഹരിപ്പൂർ പോസ്റ്റിൽ 51 ജംഗൽബനി നന്ദലാൽ സോങ്കറുടെ മകൻ രാജേഷ് സോങ്ക( 28 ) ആണ് ഇന്ന് ആദ്യം പിടിയിലായത്. ഇയാൾ മുറിയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 52 052 രൂപ വിലവരുന്ന 603 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. രാജേഷ് സോങ്കർ മല്ലപ്പള്ളി ടൗണിൽ പുകയില പാൻമസാല കച്ചവടക്കാരനാണെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരെത്തെ തുടർന്ന് കീഴ്‌വായ്‌പ്പൂര് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇവ പിടികൂടാൻ സാധിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ, ഇവ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരനായ ആനിക്കാട് വായ്പൂര് ചക്കാലക്കുന്ന് വടക്കടത്ത് വീട്ടിൽ ബിജു ജോസഫിനെ (ബിജുക്കുട്ടൻ -47) പിന്നീട് വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. ഉൽപ്പന്നങ്ങൾ കാറിൽ എത്തിച്ചു കൊടുത്ത ചങ്ങനാശേരി സ്വദേശിയും, ലഹരി ഉൽപ്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനെന്ന് കരുതുന്ന ചങ്ങനാശേരി അപ്സര തിയറ്ററിന് സമീപം പെരുന്ന പുതുപ്പറമ്പിൽ വീട്ടിൽ ഷെമീർ ഖാൻ (35) തുടർന്ന് അറസ്റ്റിലായി. രണ്ടും മൂന്നും പ്രതികളാണ് രാജേഷിന് ഉൽപ്പന്നങ്ങൾ എത്തിച്ചുകൊടുക്കുന്നത്.
ഷെമീറിന്റെ ഫോൺ നമ്പരിൻ്റെ ടവർ ലൊക്കേഷൻ ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ, ഇയാൾ കോഴഞ്ചേരി ഇലവുംതിട്ട റോഡിൽ കാറിൽ സഞ്ചരിക്കുന്നതായി വ്യക്തമായി. പോലീസിന്റെ അതിവേഗ നീക്കത്തിൽ ഇലവുംതിട്ടക്ക് സമീപം വച്ച് ഇയാൾ യാത്ര ചെയ്തു വന്ന കാർ തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായി
കീഴ്‌വായ്‌പ്പൂർ പോലീസ് നടത്തിയ നീക്കമാണ് ഫലം കണ്ടത്. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിൽ സംഘം പാൻമസാല കച്ചവടം നടത്തുന്ന രാജേഷ് സോങ്കറിൻ്റെ മുറിയിൽ പരിശോധന നടത്തിയപ്പോഴാണ് 7ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കൾ ലഭിച്ചത്.
മല്ലപ്പള്ളി, കുന്നന്താനം പാമല എന്നിവടങ്ങളിലെ അഥിതി തൊഴിലാളികൾക്കും, ചങ്ങനാശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് ലഹരിവസ്തുക്കൾ എത്തിക്കുന്നതെന്ന് വ്യക്തമായി. പ്രതികളെ കോടതിയിൽ ഹാജരാക്കി. എസ് ഐ സതീഷ് ശേഖർ, എസ് സി പി ഒ അൻസിം, സി പി ഓമാരായ മാരായ,ഒലിവർ വർഗീസ്, വിഷ്ണുദേവ്, ഉണ്ണികൃഷ്ണൻ, അമൽ, അനസ് എന്നിവർ നേതൃത്വം നൽകി.