ന്യൂഡൽഹി : മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ തട്ടിക്കൊണ്ടുപോയി.പടിഞ്ഞാറൻ മാലിയിലെ കെയ്‌സിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിലെ തൊഴിലാളികളെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത് .ജൂലൈ ഒന്നിനാണ് സംഭവം. ഫാക്ടറിയിലേക്ക് തോക്കുധാരികൾ അതിക്രമിച്ചു കയറി തൊഴിലാളികളെ ബന്ദികളാക്കിയതായാണ് റിപ്പോർട്ടുകൾ .
സംഭവത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി.തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായും വേഗത്തിലും മോചിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മാലി സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു. മാലിയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും പുതിയ സംഭവ വികാസങ്ങൾ അറിയാനും സഹായത്തിനും ബമാകോയിലെ എംബസിയുമായി ബന്ധപ്പെടണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു .