പത്തനംതിട്ട: പെരുനാട് പുതുക്കടക്ക് സമീപം വീണ്ടും കടുവ ആക്രമണം. നാട്ടുകാർ ആശങ്കയിൽ. കഴിഞ്ഞ തിങ്കൾ രാത്രി പുതുക്കട പെരുമൺ കോളനിയുടെ അടിവരത്ത് പശുകുട്ടിയെ ആക്രമിച്ചു കൊലപ്പെടുത്തിയതോടെയാണ് നാട്ടുകാർ ആശങ്കയിലായത്.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ കടുവയെ കണ്ടതായി പ്രദേശവാസികളിൽ ചിലർ പറഞ്ഞു. പശുവിനെ ആക്രമിക്കുന്ന ശബ്ദം കേട്ടാണ് തൊട്ടടുത്ത ലയത്തിൽ താമസിച്ചിരുന്ന ആളുകൾ ഓടി കൂടിയത്. തുടർന്ന് രാജാമ്പാറ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രിയിൽ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
രാത്രിയിൽ ഇരുട്ടായിരുന്നതിനാൽ കൂടുതൽ പരിശോധന നടന്നില്ല.ആറു മാസം പ്രായമുള്ള പശു കുട്ടിയെയാണ് ആക്രമിച്ചത്. ആക്രമിച്ച പശു കുട്ടിയുടെ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും മഴ കാരണം മറവ് ചെയ്യാതിരുന്നതിനാൽ ഏറെ സമയത്തിനു ശേഷം മഴ മാറിയപ്പോൾ പശുക്കുട്ടിയുടെ ജഡം കടുവ വീണ്ടും എത്തി എടുത്തു കൊണ്ടു പോയതായി പറയുന്നു .പശുകുട്ടിയെ വലിച്ച് കൊണ്ട് പോയ പാടുകളും പ്രദേശങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11 മണിയോടെ പ്രദേശത്ത് ആദ്യഘട്ടമായി രണ്ട് ക്യാമറകൾ സ്ഥാപിച്ചു. പ്രദേശത്ത് മുഴുവൻ സമയവും നിരീക്ഷണം ഉണ്ടായിരിക്കുമെന്ന് ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ മുഖേഷ് കുമാർ അറിയിച്ചു