ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74-ാം ജന്മദിനം ഇന്ന്. ജന്മദിനത്തോട് അനുബന്ധിച്ച് രാജ്യവ്യാപകമായി വിപുലമായ ആഘോഷ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ജന്മദിനത്തോടെ അനുബന്ധിച്ച് എല്ലാ വർഷവും ബിജെപി സംഘടിപ്പിക്കുന്ന ‘സേവാ പർവ്’ എന്ന ആഘോഷത്തിന് ഇന്ന് തുടക്കമാകും.
പിറന്നാൾ ദിനത്തിൽ ഒഡിഷയിലെത്തുന്ന പ്രധാനമന്ത്രി ഭുവനേശ്വറിലെ ഗഡ്കാനയിൽ 26 ലക്ഷം പ്രധാനമന്ത്രി ആവാസ് ഭവനങ്ങൾ ഉദ്ഘാടനം ചെയ്യും. ഇതിന് പുറമെ വനിതകൾക്ക് 5 വർഷത്തേക്ക് 50,000 രൂപ നൽകുന്ന സുഭദ്ര യോജന പദ്ധതി ,2871 കോടി രൂപയുടെ റെയിൽവേ പദ്ധതികൾ ,1000 കോടി രൂപയുടെ ഹൈവേ പദ്ധതികൾ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
1950 സെപ്തംബർ 17 നാണ് ഗുജറാത്തിലെ മെഹ്‌സാന പട്ടണത്തിൽ ദാമോദർദാസ് മുൽചന്ദ് മോദി – ഹീരാബെൻ ദമ്പതികളുടെ മകനായി നരേന്ദ്ര മോദി ജനിച്ചത്.രാഷ്‌ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങി നിരവധി നേതാക്കൾ ജന്മദിന ആശംസകൾ നേർന്നു.