കോഴഞ്ചേരി : കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് തിരിച്ച് പിടിച്ച് യു ഡി എഫ്. അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡൻ്റ് കെ കെ വത്സല, വൈസ് പ്രസിഡൻ്റ് ഉണ്ണി പ്ലാച്ചേരി എന്നിവർ പുറത്തായി.
കോയിപ്രം ബ്ലോക്ക് ഇടയ്ക്കാട് ഡിവിഷനിൽ നിന്നുള്ള എൽഡിഎഫ് അംഗയായ ജെസി സൂസൻ ജോസ് അവിശ്വാസത്തെ അനുകൂലിച്ചതോടെയാണ് നിലവിലെ ഭരണസമിതി പുറത്തായത്.
13 അംഗ കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫിന് ഏഴും എൽ ഡി എഫിന് ആറും അംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ഒന്നര വർഷത്തിന് ശേഷം യുഡിഎഫിലെ ഉണ്ണി പ്ലാച്ചേരി എൽഡിഎഫിലേക്ക് കൂറ് മാറുകയും അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫിനെ പുറത്താക്കി എൽഡി എഫിന് പിന്തുണ നൽകി വൈസ് പ്രസിഡൻ്റാവുകയുമായിരുന്നു
ആദ്യ ഒന്നേകാൽ വർഷം ശോശാമ്മാ തോമസും പിന്നീട് കെ കെ വത്സലയും പ്രസിഡൻ്റായി. എൽഡിഎഫിലെ ധാരണ പ്രകാരം കെ. കെ. വത്സല ഇപ്പോൾ ചുമതല ഒഴിയാൻ തയ്യാറാകാതിരുന്നത് എൽഡി എഫ് അംഗങ്ങൾക്കിടയിൽ അസംതൃപ്തിയുണ്ടാക്കി. ഇത് മുതലെടുത്ത് യുഡിഎഫ് ജെസി സൂസൻ ജോസിനെ യുഡിഎഫ് പാളയത്തിലെത്തിക്കുകയായിരുന്നു.
വനിതാ സംവരണം അട്ടിമറിച്ച് നിലവിലെ പ്രസിഡൻ്റിനെക്കൊണ്ട് അവധി എടുപ്പിച്ച ശേഷം വൈസ് പ്രസിഡൻ്റ് ആയിരുന്ന ഉണ്ണി പ്ലാച്ചേരിക്ക് പ്രസിഡൻ്റിൻ്റെ ചുമതല നൽകാനുള്ള എൽഡിഎഫിൻ്റെ നീക്കത്തിൽ പ്രതിഷേധിച്ചാണ് താൻ അവിശ്വാസ പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്തതെന്ന് ജെസി സൂസൻ ജോസ് പറഞ്ഞു.