ചെന്നൈ: 24 കോച്ചുള്ള വന്ദേ ഭാരതിന്റെ സ്ലീപ്പർ കോച്ചുകൾ അടുത്ത വർഷം ആഗസ്റ്റിൽ പുറത്തിറങ്ങും. ഇതിൻ്റെ നിർമാണം ആരംഭിച്ചതായി ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ജനറൽ മാനേജർ സുബ്ബറാവു അറിയിച്ചു. 16 കോച്ചടങ്ങിയ 10 വന്ദേഭാരത് സ്ലീപ്പർ വണ്ടികളുടെ നിർമാണം നടക്കുകയാണ്.
ചെയർകാർ കോച്ചുകളടങ്ങിയ 75 വന്ദേഭാരത് ട്രെയിനുകളാണ് കഴിഞ്ഞ ജൂലൈ വരെ ഐസിഎഫിൽ നിർമിച്ചത്. 12 കോച്ചടങ്ങിയ വന്ദേമെട്രോ തീവണ്ടിയുടെ പരീക്ഷണയോട്ടം പൂർത്തിയാക്കി വെസ്റ്റേൺ റെയിൽവേക്ക് കൈമാറി.
യാത്രക്കാർക്കായി കൂടുതൽ സൗകര്യങ്ങൾ ഇതിൽ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ
വിഭാഗത്തിലുമായി നടപ്പു സാമ്പത്തികവർഷം 3457 കോച്ച് നിർമിക്കാനാണ് ലക്ഷ്യമെന്നും സുബ്ബറാവു കൂട്ടിച്ചേർത്തു.
ഐസിഎഫാണ് വന്ദേ ഭാരതിന് രൂപം നല്കിനിർമിച്ചത്. നിരവധി രാജ്യങ്ങൾ വന്ദേഭാരത് ട്രെയിനിനായി ഇതിനോടകം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ വിലയടക്കമുള്ള സവിശേഷതകളാണ് വിദേശ രാജ്യങ്ങളെ ആകർഷിക്കാനുള്ള പ്രധാന കാരണം.