പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ പദ്ധതിയായ വിജ്ഞാന പത്തനംതിട്ടയുടെ ജില്ലാ ഡയറക്ടറും സിപിഎം നേതാവുമായ ഇലന്തൂര്‍ ഇടപ്പരിയാരം ആനന്ദഭവനില്‍ ബീനാ ഗോവിന്ദ് അന്തരിച്ചു. സംസ്കാരം പിന്നീട്
നോളജ് ഇക്കോണമി മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തി ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കുമ്പോള്‍ ബീനാ ഗോവിന്ദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ തേടിയ ശേഷം മുറിയില്‍ വച്ച് നെഞ്ചുവേദനയെ തുടര്‍ന്ന് ബോധരഹിതയാവുകയായിരുന്നു. സഹപ്രവര്‍ത്തകരെത്തി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിപിഎം ഇടപ്പരിയാരം ബ്രാഞ്ചംഗമാണ് ബീന. മെഴുവേലി പഞ്ചായത്തിലെ ‘ഒരുമ’ ഭവന പുനരുദ്ധാരണ പദ്ധതി, വരട്ടാര്‍ പുനരുജ്ജീവനം തുടങ്ങിയ വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ബീനയുടെ പങ്ക് ശ്രദ്ധേയമാണ്. തിരുമൂലപുരം എസ് എന്‍ വി സംസ്‌കൃത സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. അന്നു മുതലാണ് ബീനാ ഗോവിന്ദ് എസ്‌എഫ്‌ഐ സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ചങ്ങനാശേരി എന്‍എസ്‌എസ് കോളജ്, തിരുവല്ല മാര്‍ത്തോമാ കോളജ് എന്നിവിടങ്ങളിലായിരുന്നു തുടര്‍ പഠനം. പെണ്‍കുട്ടികള്‍ രാഷട്രീയത്തില്‍ ഇറങ്ങാന്‍ മടിച്ച കാലത്ത് സഹപ്രവര്‍ത്തകര്‍ക്ക് ആത്മധൈര്യം പകര്‍ന്ന് വനിതകളുടെ നേതൃത്വം ഏറ്റെടുത്താണ് എസ്‌എഫ്‌ഐയില്‍ സജീവമായത്. ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ച് 1986-87 വര്‍ഷത്തില്‍ എസ്‌എഫ്‌ഐ ചരിത്രത്തില്‍ ആദ്യമായി പ്രധാന സീറ്റുകളിലടക്കം മാര്‍ത്തോമാ കോളേജില്‍ വിജയിക്കുമ്പോള്‍ അതിന് പിന്നില്‍ സംഘടനാ പ്രവര്‍ത്തകരോടൊപ്പം നേതൃത്വത്തില്‍ ബീനയുമുണ്ടായിരുന്നു.തൊട്ടടുത്ത വര്‍ഷത്തില്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായി മല്‍സരിച്ചുവെങ്കിലും നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.
പിന്നീട് എസ്‌എഫ്‌ഐ ജില്ലാ കമ്മറ്റി അംഗമായും എം ജി സര്‍വ്വകലാശാലാ സെനറ്റംഗമായും പ്രവര്‍ത്തിച്ചു. വിജയവാഡ, കൊല്‍ക്കത്തയിലെ ഡംഡം എന്നിവിടങ്ങളില്‍ നടന്ന ദേശീയ സമ്മേളനങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മേളനങ്ങളിലും സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഹരിത കേരള മിഷന്റെ ചുമതലയും നിര്‍വഹിച്ചിട്ടുണ്ട്. 2018ലെ പ്രളയ കാലത്ത് ബീനാ ഗോവിന്ദ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു.
ഭര്‍ത്താവ്: ഷാജി. മക്കള്‍: അപര്‍ണ ഷാജി (ഓസ്ട്രേലിയ), അരവിന്ദ്. മരുമകന്‍: ഉണ്ണികൃഷ്ണന്‍