ആലപ്പുഴ: കാർഷിക മേഖലയ്ക്ക് 2765 കോടി രൂപയുടെ ലോകബാങ്ക് സഹായം ലഭിക്കുന്നതിനുള്ള അന്തിമാനുമതി ലഭിച്ചതായി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഇത്രയും വലിയ നിക്ഷേപം കേരളത്തിൻറെ കാർഷിക വിപണിക്ക് ശക്തി പകരും.ഇതിൽ 500 കോടി രൂപയും നെൽകൃഷി മേഖലയ്ക്കായി നീക്കിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം മങ്കൊമ്പിന്റെ പുതിയ ഓഫീസ് കെട്ടിടം കളര്‍കോട് അഗ്രി കോപ്ലക്‌സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 1950 ന് ശേഷം ഇത്രയും വലിയ സഹായം കാർഷിക മേഖലയ്ക്ക് ലഭിക്കുന്നത് ഇപ്പോഴാണ്. കൃഷി ഉത്പ്പന്നങ്ങളും ഉപകരണങ്ങളും വ ളവും ഉൾപ്പടെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും ഒരു കുടക്കീഴിൽ എത്തിക്കുന്ന 36 കോടി രൂപയുടെ അഗ്രിമാൾ അമ്പലപ്പുഴയിലാണ് തുടങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥാധിഷ്ഠിത ഇൻഷൂറൻസ് നടപ്പാക്കിയതിലൂടെ വിളവ് കുറഞ്ഞാലും കർഷകന് ഇൻഷൂറൻസ് തുക ലഭിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കീട രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് പുതിയ ഓഫീസിൽ നടക്കുക. ബയോ ഇൻപുട്ട് ലാബ്,പ്ലാൻറ് ഹെൽത്ത് ക്ലിനിക്ക് തുടങ്ങിയ സജ്ജീകരണങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം ചടങ്ങിൽ അധ്യക്ഷനായി.