തിരുവല്ല : വൈ എം സി എ സബ് റീജണിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പസ് പ്രചരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെമിനാറുകൾ, ബോധവൽക്കരണ നോട്ടീസുകൾ, കായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.
കലാലയങ്ങളിൽ പോസ്റ്ററുകൾ പതിക്കുകയും കുട്ടികൾക്ക് ബുക്കിൽ ഒട്ടിക്കുന്നതിനായി ലഹരി വിരുദ്ധ സന്ദേശ സ്റ്റിക്കറുകൾ നൽകുകയും ചെയ്യുന്നതാണ്. പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചു വരുന്ന ലഹരിയുടെ ആസക്തിയും ഉപയോഗവും തലമുറയെ നാശത്തിലേക്ക് എത്തിക്കുകയും അക്രമവാസന കൂടുകയും ചെയ്യുന്നു, ഇതിനെതിരെ പ്രതികരിക്കേണ്ട ഉത്തരവാദിത്വം സന്നദ്ധ സംഘടനകൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സബ്-റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന യൂത്ത് വർക്ക് ചെയർമാൻ ലിനോജ് ചാക്കോ, മുൻ ജില്ലാ പഞ്ചായത്തംഗം സജി അലക്സ്, മുൻ സബ് – റീജണൽ ചെയർമാൻമാരായ വർഗീസ് ടി.മങ്ങാട്, ജൂബിൻ ജോൺ, ജോ ഇലഞ്ഞിമൂട്ടിൽ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ അഡ്വ. നിതിൻ വർക്കി എബ്രഹാം, പ്രോഗ്രാം കൺവീനർ സജി മാമ്പ്രക്കുഴി, കുര്യൻ ചെറിയാൻ, ജോയ് ആറ്റുമാലി, ജോസ് പി. മാത്യു എന്നിവർ പ്രസംഗിച്ചു.
ലഹരി വിരുദ്ധ സന്ദേശ പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തു.