പത്തനംതിട്ട : മുറിഞ്ഞ കല്ലിൽ 19 വയസുള്ള ഗായത്രി എന്ന വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ അടൂരിലെ തൊഴില്‍ പരിശീലന കേന്ദ്രത്തിലേക്ക് യുവജനസംഘടനകള്‍ മാര്‍ച്ച് നടത്തി.
ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കൂടല്‍ മുറിഞ്ഞകൽ സ്വദേശിനിയായ ഗായത്രിയെ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്.
അടൂര്‍ റവന്യൂ ടവറിലെ രണ്ടാംനിലയില്‍ ഉള്ള ദ്രോണ ഡിഫന്‍സ് അക്കാദമി ആൻഡ് യോഗ സെന്റര്‍ എന്ന സ്ഥാപനത്തില്‍ ഗായത്രി പരിശീലനത്തിന് ചേര്‍ന്നിരുന്നു. സ്ഥാപന ഉടമയായ പ്രദീപ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് മകള്‍ ആത്മഹത്യചെയ്തതെന്നും ഗായത്രിയുടെ അമ്മ രാജി ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. ആദ്യഘട്ടത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടികെട്ടി പ്രതിഷേധിച്ചു. പിന്നീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി.
പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് ശേഷം സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. സ്ഥാപനത്തിന് പോലീസ് കാവലുണ്ട്. വിമുക്തഭടനായ സ്ഥാപന ഉടമ ഒളിവിലാണ്. ഇയാളുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. സ്ഥാപന ഉടമ തന്റെ അഭിഭാഷകന്‍ മുഖേന അടൂര്‍ പോലീസുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ലഭ്യമായ വിവരം.
മുറിഞ്ഞകല്‍ പാറക്കടവ് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ചിറ്റാര്‍ അഞ്ചേക്കര്‍ കോളനിക്ക് സമീപം മുണ്ടന്‍വിളയില്‍ ആദര്‍ശിന്റെ മകളാണ് ഗായത്രി.
കുമ്പഴയിലുള്ള സ്വകാര്യസ്ഥാപനത്തില്‍ ജോലിക്ക് പോയിവന്ന അമ്മ രാജിയാണ് മകളെ തിങ്കളാഴ്ച വൈകീട്ട് നാലരയ്ക്ക് വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.