സംഭവത്തിൽ ശിശു സംരക്ഷണ സമിതിയും നടപടി സ്വീകരിച്ചിട്ടുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ കുട്ടി ശനിയാഴ്ച ചാത്തങ്കരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ആണ് ചൈൽഡ് ലൈനെ വിവരം അറിയിച്ചത്. കുട്ടിയെ 2023 ജൂൺ 27നാണ് സ്നേഹ ഭവൻ സ്പെഷ്യൽ സ്കൂളിൽസ്പെഷ്യൽ സ്കൂളിൽ എത്തിച്ചത്.
ക്രിസ്മസിനോട് അനുബന്ധിച്ച് വീട്ടിൽ എത്തിച്ച കുട്ടിയുടെ ശരീരത്തിൽ വടി ഉപയോഗിച്ച് മർദ്ദിച്ച ചില പാടുകൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പ്രിൻസിപ്പലിനോട് ചോദിച്ചപ്പോൾ അനുസരണക്കേടിന്റെ ഭാഗമായി അടിച്ചതാണെന്നും ക്ഷമിക്കണമെന്നും പറഞ്ഞു. തുടർന്ന് വീണ്ടും സ്നേഹ ഭവനിൽ എത്തിച്ച കുട്ടിയെ ഈസ്റ്ററിനോട് അനുബന്ധിച്ച് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരവേ ആണ് ശരീരത്തിൽ മർദ്ദനമേറ്റ നിരവധി പാടുകൾ കണ്ടത്.
കുട്ടിയിൽ നിന്നും കൃത്യമായ വിവരം ലഭിക്കാതിരുന്നതിനെ തുടർന്ന് സ്നേഹ ഭവൻ പ്രിൻസിപ്പൽ സിസ്റ്റർ ഷീജയെ ഫോണിൽ ബന്ധപ്പെട്ടു. ഈ മാസം ഏഴാം തീയതി കുട്ടി കോൺവെന്റിൽ നിന്നും ഇറങ്ങി ഓടി സമീപത്തെ ഒരു വീട്ടിൽ കയറിയെന്നും വീട്ടു ഉടമസ്ഥയായ വയോധിക വടി ഉപയോഗിച്ച് കുട്ടിയെ മർദ്ദിക്കുകയായിരുന്നു എന്നും പ്രിൻസിപ്പൽ മറുപടി നൽകി.
വീട്ടിലെത്തിയ ശേഷം ഈ വിവരം കുട്ടിയുടെ അടുത്ത ബന്ധുവായ തിരുവനന്തപുരം സ്വദേശിയെ മാതാവ് അറിയിച്ചു. ബന്ധു പ്രിൻസിപ്പലിനെ ഫോണിൽ ബന്ധപ്പെട്ട് മർദ്ദിച്ച വയോധികയുടെ മേൽവിലാസം ചോദിച്ചു. ഇതോടെ കുട്ടിയെ താനാണ് മർദ്ദിച്ചതെന്ന് പ്രിൻസിപ്പൽ സ്വയം കുറ്റമേറ്റു. ഇതിന് പിന്നാലെ പ്രിൻസിപ്പൽ സിസ്റ്റർ ഷീജയും മറ്റ് രണ്ട് സിസ്റ്റർമാരും കുട്ടിയുടെ മേപ്രാലിലെ വീട്ടിലെത്തി.
ശനിയാഴ്ച രാവിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തിലെ പാടുകൾ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പ്രകാരം മെഡിക്കൽ ഓഫീസർ എസ് ശാലിനി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. പിന്നാലെ പോലീസ് സംഘം എത്തി മേൽ നടപടി സ്വീകരിച്ചു.