തിരുവല്ല : ഇൻസ്റ്റാഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് അടുപ്പത്തിലായി നിരന്തരം പ്രലോഭിപ്പിച്ച് പതിനേഴുകാരിയെ ഫോണിൽ വിളിച്ചുവരുത്തി വീട്ടിൽ വച്ച് പീഡിപ്പിച്ച കേസിൽ 18 കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ മത്തിമല കോളനിക്ക് സമീപം മത്തിമല നിരവുകാലായിൽ വീട്ടിൽ എം എസ് അഭിഷേക് (18) ആണ് പിടിയിലായത്.
നവംബർ 2 മുതൽ 21 വരെയുള്ള കാലയളവിലായിരുന്നു ലൈംഗിക പീഡനം നടന്നത്. കൊല്ലം പുനലൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നിരന്തരം ബന്ധപ്പെട്ട് പ്രലോഭിപ്പിച്ച് ഇയാളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. രണ്ടാം തിയതിയും പിന്നീട് 20 നും വിളിച്ചുവരുത്തി പിറ്റേന്ന് രാവിലെയും ബലാൽസംഗത്തിന് വിധേയയാക്കി.
കൊല്ലം ശിശുക്ഷേമസമിതിയിൽ നിന്നും ലഭിച്ച വിവരത്തെതുടർന്ന് തിരുവല്ല സ്റ്റേഷൻ എസ് സി പി ഓ കെ. ജയ കുട്ടിയെ പാർപ്പിച്ച ചിൽഡ്രൻസ് ഹോമിലെത്തി മൊഴി രേഖപ്പെടുത്തി.
തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ ബി. കെ. സുനിൽ കൃഷ്ണൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ മത്തിമലയിലെ വീട്ടിൽ നിന്നും ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുത്തു. പ്രാഥമിക നടപടികൾക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയെ തിരുവല്ല ഗവ. ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.