പത്തനംതിട്ട : ജില്ലയിലെ റോഡ് നിർമാണവും പുനരുദ്ധാരണവും നിലച്ചതോടെ തദ്ദേശസ്ഥാപനങ്ങളുടെ നിരവധി പദ്ധതികൾ മുടങ്ങി. പൂർത്തിയാക്കിയ ജോലികൾക്ക് സർക്കാരിൽ നിന്ന് തുക ലഭിക്കാൻ വൈകുന്നതും നിർമാണ ചെലവ് അനുസരിച്ച് നിരക്ക് വർധന നടപ്പാക്കാത്തതുമാണ് കാരണമെന്ന് കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ അറിയിച്ചു.
വലിയ പദ്ധതികൾ വലിയ ഏജൻസികളാണ് ചെയ്യുന്നത്. ചെറുകിട കരാറുകാർക്ക് നാമമാത്ര പ്രവൃത്തികളേ ലഭിക്കുന്നുള്ളൂ. ബിൽ തുക വൈകുന്നതും സാധന സാമഗ്രികളുടെ വില വർധനയും പ്രതിസന്ധി സൃഷ്ടിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ റോഡ് പണികളാണ് മുടങ്ങി കിടക്കുന്നത്.അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വേഗത്തിൽ ജോലികൾ തീർക്കാൻ ഭരണ സമിതികൾ ടെൻഡർ വിളിച്ചിട്ടുണ്ടെങ്കിലും ഗവ. കരാറുകാർ ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല.
ഓണം എത്തിയതോടെ തൊഴിലാളികൾക്ക് ഉത്സവബത്തയും കൂലിയും നൽകണം. പണം പലിശയ്ക്ക് എടുത്താണ് നിർമാണ ജോലികൾ പൂർത്തിയാക്കുന്നത്. സർക്കാരിൽ നിന്ന് തുക ലഭിക്കാൻ വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെ ജി സി എ സംസ്ഥാന സെക്രട്ടറി തോമസ് കുട്ടി തേവരുമുറിയിൽ പറഞ്ഞു