തിരുവനന്തപുരം : മദ്യപിച്ച് കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച നടൻ ബൈജു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചാണ് സംഭവം. അമിതവേഗതയിൽ എത്തിയ ബൈജുവിന്റെ കാർ സ്കൂട്ടറിലും വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു. നടനെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
രാത്രി വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസാമ്പിൾ നൽകാൻ നടൻ വിസമ്മതിച്ചു. സ്കൂട്ടർ യാത്രക്കാരന് കാര്യമായ പരിക്കില്ല. അപകടത്തിൽ ബൈജുവിന്റെ കാറിന്റെ ടയറിന് കേടുപാട് പറ്റി. അമിത വേഗതയിൽ കാറോടിച്ചതിനും മദ്യപിച്ച് ഡ്രൈവ് ചെയ്തതിനുമാണ് ബൈജുവിനെതിരെ കേസെടുത്തത്.