തിരുവല്ല : മദ്യം, മയക്കുമരുന്ന് തുടങ്ങിയ മാനസിക അവസ്ഥയിൽ കഴിയുന്നവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന വലിയ പ്രവർത്തനം ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും മാലിന്യ വസ്തുക്കൾ മൂലം അന്തരീക്ഷം മലിനമാക്കി പ്രകൃതിയെ നശിപ്പിക്കുന്ന സാഹചര്യത്തിൽ നിന്ന് നമ്മുടെ പരിസരങ്ങളും പ്രദേശങ്ങളും മനോഹരമായി സംരക്ഷിക്കുവാൻ സാധിക്കണമെന്നും പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് III കാതോലിക്കാ ബാവ. വൈ.എം.സി.എ സബ് – റീജൺ റൂബി ജൂബിലി ആഘോഷ പരിപാടികൾ തിരുവല്ലാ വൈ.എം.സി.എ യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്കാ ബാവാ. വിവിധ തലങ്ങളിൽ സമൂഹം നേരിടുന്ന ഇരുട്ട് അവസ്ഥയിൽ നിന്ന് വെളിച്ചമായി മാറണമെന്നും നല്ല സമൂഹ സൃഷ്ടിക്കുകയാണ് വൈ.എം.സി.എ യുടെ ലക്ഷ്യമെന്ന് കാതോലിക്കാ ബാവാ പറഞ്ഞു.
സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ ജൂബിലി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈ.എം.സി.എ ദേശീയ പരിസ്ഥിതി കമ്മീഷൻ ചെയർമാൻ അഡ്വ. വി.സി സാബു, സബ് – റീജൺ മുൻ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ, തിരുവല്ല വൈ.എം.സി.എ പ്രസിഡന്റ് പ്രൊഫ. കുര്യൻ ജോൺ, ജൂബിലി കമ്മിറ്റി ചെയർമാൻ വർഗീസ് മങ്ങാട്, ജനറൽ കൺവീനർ ജോ ഇലഞ്ഞിമൂട്ടിൽ, കോ-ഓർഡിനേറ്റർ അഡ്വ. ജോസഫ് നെല്ലാനിക്കൽ, സബ് – റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻമാരായ തോമസ് വി. ജോൺ, അഡ്വ. നിതിൻ വർക്കി എബ്രഹാം, ജൂബിൻ ജോൺ, അഡ്വ. എം.ബി നൈനാൻ, കെ.സി മാത്യു, ലാലു തോമസ്, ലിനോജ് ചാക്കോ, ജേക്കബ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഡോ. ബി.ജി ഗോകുലൻ, ജോസി പോൾ മാരേട്ട് എന്നിവർക്ക് ജൂബിലി അവാർഡുകൾ വിതരണം ചെയ്തു. റവ. പ്രസാദ് വി. കുഴിയത്ത്, സജി മാമ്പ്രക്കുഴിയിൽ, ശാന്തി വിൽസൺ, എലിസബേത്ത് കെ. ജോർജ് എന്നിവർ സോത്രശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
സബ് – റീജണിലേയും യൂണിറ്റുകളിലേയും മുൻകാല നേതാക്കന്മാരെ യോഗത്തിൽ ആദരിച്ചു. സബ് – റീജൺ ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. ജൂബിലിയുടെ ഭാഗമായി ഭവന ദാനം, വിദ്യാഭ്യാസ സഹായം ഉൾപ്പെടെ വിവിധ പദ്ധതികൾക്ക് രൂപം നൽകി.