തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയിൽ വാണിജ്യ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള സപ്ലിമെന്ററി കൺസഷൻ കരാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ചു.തുറമുഖപദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാരിന് 2034 മുതൽ വരുമാന വിഹിതം ലഭിക്കുമെന്ന് മന്ത്രി വി എൻ വാസവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുൻ കരാർ പ്രകാരം തുറമുഖം പ്രവർത്തനം ആരംഭിച്ചതിനുശേഷം 15-ാം വർഷം മുതലാണ് സംസ്ഥാന സർക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. വിവിധ കാരണങ്ങളാൽ പദ്ധതി പൂർത്തീകരണം വൈകിയ സാഹചര്യത്തിൽ വരുമാന വിഹിതം 2039 മുതൽ മാത്രം അദാനി ഗ്രൂപ്പ് നൽകിയാൽ മതിയായിരുന്നു. എന്നാൽ, ഇപ്പോൾ എത്തിച്ചേർന്ന ധാരണ പ്രകാരം 2034 മുതൽ തന്നെ തുറമുഖത്തിൽ നിന്നും വരുമാനത്തിന്റെ വിഹിതം സർക്കാരിന് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
പഴയ കരാർ പ്രകാരം 408.90 കോടി രൂപയായിരുന്നു സംസ്ഥാന സർക്കാരിന്റെ വി.ജി.എഫ് വിഹിതമായി അദാനി കമ്പനിക്ക് നിർമ്മാണ വേളയിൽ നൽകേണ്ടിയിരുന്നത്. പുതിയ ധാരണയുടെ അടിസ്ഥാനത്തിൽ ഈ തുക 365.10 കോടി രൂപയായി കുറച്ചു. തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി പ്രതീക്ഷിക്കുന്ന 10000 കോടി രൂപയുടെ ചിലവ് പൂർണ്ണമായും അദാനി വഹിക്കും.
ഭൂമി സമയബന്ധിതമായി ഏറ്റെടുത്തു കൊടുക്കാൻ കഴിയാത്തത് മൂലം 30 കോടി രൂപയോളം നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ അദാനി കമ്പനിക്ക് നൽകണമെന്നതും പുതിയ കരാറിൽ ഒഴിവാക്കിയെന്നും മന്ത്രി അറിയിച്ചു .