പത്തനംതിട്ട : പത്തനംതിട്ട കൂടലില്‍ ശബരിമല തീർഥാടകരുടെ മിനി ബസിലേക്ക് കാർ ഇടിച്ചുകയറി കാറിലുണ്ടായിരുന്ന നാല് പേര്‍ മരിച്ചു.മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി.ജോർജ് എന്നിവരാണ് മരിച്ചത്.പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് സംഭവം.പുലർച്ചെ 3.30ഓടെ തെലങ്കാനയിൽ നിന്നുള്ള ശബരിമല ഭക്തര്‍ സഞ്ചരിച്ച മിനി ബസിലേക്കാണ് കാർ ഇടിച്ചുകയറിയത് .
അനുവും നിഖിലും ദമ്പതികളാണ്.അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് ഈപ്പൻ മത്തായി.നവംബർ 30ന് വിവാഹംകഴിഞ്ഞ അനുവും നിഖിലും മലേഷ്യയിൽ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു . ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ചു മടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തിൽ മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായും തകർന്നു. ബസിന്റെ മുൻഭാഗം തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.