ശബരിമല: മണ്ഡലപൂജയ്ക്കു അയ്യപ്പനു ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബർ 25ന് സന്ധ്യക്കു ശബരിമല സന്നിധാനത്ത് എത്തും. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ പിന്നിട്ടു ഡിസംബർ 25ന് ഉച്ചയ്ക്കു 1.30ന് പമ്പയിൽ എത്തിച്ചേരും. വിശ്രമത്തിനുശേഷം മൂന്നുമണിയോടെ സന്നിധാനത്തേക്കു യാത്ര തിരിക്കും.
സന്ധ്യക്ക് 5.15ന് ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കമുള്ളവരുടെ നേതൃത്വത്തിൽ സ്വീകരിച്ചാനയിക്കും. ആറരയോടെ പതിനെട്ടാംപടി കയറുന്ന തങ്കഅങ്കി തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് അയ്യപ്പന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. തുടർന്നു തങ്കഅങ്കി അണിഞ്ഞ അയ്യപ്പനെ കണ്ടുവണങ്ങാൻ ഭക്തർക്ക് അവസരമുണ്ടാകും. 26നാണ് മണ്ഡലപൂജ.