തിരുവനന്തപുരം : സ്വകാര്യ വാഹനങ്ങള്‍ മറ്റു വ്യക്തികളുടെ ഉപയോഗത്തിനു പണമോ പ്രതിഫലമോ വാങ്ങി നല്‍കുന്നത് ശിക്ഷാർഹമെന്ന് മോട്ടര്‍ വാഹന വകുപ്പ് വ്യക്തമാക്കി. ദുരുപയോഗം തെളിഞ്ഞാല്‍ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതുള്‍പ്പെടെ ഉടമയ്ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു മുന്നറിയിപ്പു നല്‍കി.
വാഹന ഉടമയുടെ കുടുംബാംഗങ്ങൾ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാൻ നൽകുന്നതിലും കുറ്റമില്ല.എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടു നല്‍കുന്നതും സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍, വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യുന്നതും നിയമവിരുദ്ധമാണ്.
സ്വകാര്യ വാഹനങ്ങള്‍ റെന്റ് എ കാര്‍ എന്ന നിലയ്ക്കു വാടകയ്ക്കു നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല. ‘റെന്റ് എ കാബ്’ എന്ന നിയമാനുസൃത സംവിധാനം വഴി വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ അനുമതിയുണ്ട്.ഇത്തരത്തില്‍ വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ ലൈസന്‍സിന് അപേക്ഷിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനത്തിനോ 50ൽ കുറയാത്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ആവശ്യമാണ്.